കോടിക്കുളം : റോഡിന് സംരക്ഷണ ഭിത്തി കെട്ടിയതോടെ പിന്നാക്ക കുടുംബത്തിന്റെ വീട്ടിലേയ്ക്കുള്ള വഴിയടഞ്ഞതായി പരാതി. കോടിക്കുളം ചെറുതോട്ടിൻകര സ്വദേശി മരങ്ങാലിൽ അനൂപും കുടുംബവുമാണ് ദുരിതത്തിലായത്. ഇവർ ഇപ്പോൾ വീട്ടിലേയ്ക്ക് കടക്കുന്നത് ചെറിയ തടിപ്പാലത്തിലൂടെയാണ്. ചെറുതോട്ടിൻകര- ആനപ്പാറ റോഡരികിലാണ് ഇവരുടെ വീട്. 2020- 21ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് ചെറുതോട്ടിൻകര- ഏഴല്ലൂർ റോഡിന് സംരക്ഷണ ഭിത്തി നിർമിച്ചത്. വലിയ ഉയരത്തിൽ സംരക്ഷണ ഭിത്തി കെട്ടി പ്പൊക്കിയതോടെ അനൂപിന്റെ വീട് റോഡിന് താഴെയായി. വീട്ടിലേയ്ക്ക് ഇറങ്ങാൻ റോഡിൽ നിന്ന് പാത നിർമിച്ച് കോൺക്രീറ്റ് ചെയ്തു നൽകാമെന്ന് ഉറപ്പു നൽകിയ കരാറുകാരൻ ഇതു പാലിക്കാതെ ബില്ലും മാറി പോയി. ഇതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. റോഡിൽ നിന്ന് രണ്ടാം നിലയിലേയ്ക്ക് വച്ചിട്ടുള്ള ചെറിയ തടിപ്പാലത്തിലൂടെയാണ് കുട്ടികൾ ഉൾപ്പെടെ ഇപ്പോൾ വീട്ടിൽ എത്തുന്നത്. ശ്രദ്ധയോടെ കടന്നില്ലെങ്കിൽ താഴെ വീഴും. അനൂപ് ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അദാലത്തിന് വിളിപ്പിച്ചെങ്കിലും കൊവിഡ് മൂലം മാറ്റി വച്ചു. പിന്നീട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. കൂലിപ്പണിയെടുത്താണ് അനൂപ് കുടുംബം പുലർത്തുന്നത്. ഇക്കാര്യത്തിൽ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് അനൂപിന്റെ ആവശ്യം.