രാജാക്കാട്: ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കുമെന്നും സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ. ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതി, നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടും. ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. സർക്കാർ ഞങ്ങളുടേതെന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികരിക്കുന്നത്. ഇവിടെ താമസിക്കുന്നവർ ഇവിടെ താമസിക്കും. അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരും. നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.