തങ്കമണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തങ്കമണി ശാഖയുടെ ഭാഗമായ അമലഗിരി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ഛായാ ചിത്ര പ്രതിഷ്ഠ നടന്നു. സുരേഷ് ശ്രീധരൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ ഛായാ ചിത്ര പ്രതിഷ്ഠയുള്ള ജില്ലയിലെ ഏക ക്ഷേത്രമാണ് അമലഗിരി ഗുരുദേവക്ഷേത്രം. ക്ഷേത്രാചാര വിധി പ്രകാരമാണ് ഛായാ ചിത്രം പ്രതിഷ്ഠിച്ചത്. ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ക്ഷേത്രം ഭക്ത ജനങ്ങൾക്കായി സമർപ്പിച്ചു. നിലവിളക്ക്, ദീപ പ്രഭ, കണ്ണാടി തുടങ്ങിയ വ്യത്യസ്തമായ ക്ഷേത്ര പ്രതിഷ്ഠകൾ നടത്തിയ ശ്രീ നാരായണ ഗുരുദേവന്റെ ആശയം ഉൾക്കൊണ്ടാണ് ഛായാ ചിത്ര പ്രതിഷ്ഠ നടത്തിയതെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പറഞ്ഞു. തങ്കമണി ശാഖാ പ്രസിഡന്റ് പി.ജി. ശിവദാസ് അദ്ധ്യക്ഷനായി. ക്ഷേത്രം സ്ഥാപിക്കാൻ ഭൂമി ദാനം നൽകിയ ഉറുമ്പിൽ തങ്കമ്മ പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡംഗം സി.പി. ഉണ്ണി, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സോജു ശാന്തികൾ, ശാഖാ വൈസ് പ്രസിഡന്റ് ഷിബു ഈഴപ്പറമ്പിൽ, സെക്രട്ടറി അനിൽകുമാർ പുതുപ്പള്ളിൽ എന്നിവർ സംസാരിച്ചു.