തൊടുപുഴ: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റിസർവ് വനമായി മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഉൾവലിഞ്ഞ് വനംവകുപ്പ്. ദിവസങ്ങളായി വിഷയത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. സി.പി.എം നേതാക്കളടക്കം വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ രംഗത്ത് വന്നതോടെയാണ് വനംവ മന്ത്രി നടപടികൾ താത്കാലികമായി മരവിപ്പിച്ചത്. വിഷയത്തിൽ സി.പി.എം വലിയ സമരം നയിക്കുമെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് നടപടി വരുന്നത്. എല്ലാ പാർട്ടിക്കാരും വിഷയത്തിൽ ഒത്തുചേർന്ന് സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവും ഉയർത്തിയിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ചിന്നക്കനാൽ ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും നടത്തി. ഇതിൽ കോൺഗ്രസും സി.പി.എമ്മുമടക്കമുള്ള രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തിരുന്നു.
വിജ്ഞാപനം ഇങ്ങനെ
ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി മലനിരകൾ, ആനയിറങ്കൽ ഡാമിന്റെ വൃഷ്ടി പ്രദേശം, എച്ച്.എൻ.എല്ലിന് പാട്ടത്തിന് നൽകിയ ഭൂമി എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ റിസർവ് വനമുണ്ടാക്കാൻ വിജ്ഞാപനം ഇറക്കിയത്. വർഷങ്ങളായി ഭൂമി കൈവശം വച്ചിരിക്കുന്ന കൃഷിക്കാരെ ഇറക്കിവിട്ട് വനവിസ്തൃതി വർദ്ധിപ്പിക്കാനാണ് നീക്കമെന്നാണ് കർഷകരുടെ ആരോപണം. ഇതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. എന്നാൽ വലിയ തോതിൽ ജനവാസമില്ലാത്ത മേഖലയാണിവിടം എന്നാണ് വനംവകുപ്പ് വാദം. പട്ടയമുള്ളവരെ ഒഴിപ്പിക്കില്ലെന്ന് പറയുമ്പോഴും അനധികൃത താമസക്കാർ ധാരാളമുണ്ടെന്നതും ഈ പ്രതിഷേധത്തിലൂടെ വ്യക്തമാകുന്നുണ്ട്.