തൊടുപുഴ: ജനവാസ മേഖലകൾ ഉൾക്കൊള്ളുന്ന റവന്യൂ ഭൂമി റിസർവ് വനമാക്കുന്നതിനെതിരെ ചിന്നക്കനാലിലെ ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്നു വന്ന രോക്ഷവും ജനവികാരവും ഉൾക്കൊണ്ട് സി.പി.ഐ ജില്ലാ നേതൃത്വം ആദ്യം മുതലേ വിജ്ഞാപനത്തെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നതായി പാർട്ടി വ്യക്തമാക്കി. വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞിരുന്നു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങളിൽ ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ വനംവകുപ്പ് മന്ത്രിയെ ജില്ലാ സെക്രട്ടറി നേരിട്ട് ബന്ധപ്പെടുകയും വിവരങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ അടിയന്തരമായി യോഗം ചേരാൻ തീരുമാനിച്ചത്. കേന്ദ്ര മാർഗ രേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ജില്ലാ കളക്ടർക്ക് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചിന്നക്കനാൽ റിസർവ്വ് ആക്കുന്നതിനായി അയച്ചിട്ടുള്ള വിജ്ഞാപനത്തിൽ തുടർ നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുടിയേറ്റ കർഷകർക്കും ചിന്നക്കനാലിലെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കകൾക്ക് കൂടി താത്കാലികമായ പരിഹാരം ഉണ്ടായിരിക്കുകയാണ്. വനംവകുപ്പ് കൈയടക്കിയ റവന്യൂ ഭൂമി തിരിച്ച് പിടിച്ച് ജില്ലയിലെ ഭൂരഹിതരും ഭവന രഹിതരുമായിട്ടുള്ള ആളുകൾക്ക് വിതരണം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സി.പി.ഐ.