കട്ടപ്പന: വയലിനിൽ തിളങ്ങിയത് ആതിഥേയ സ്കൂളിലെ വിദ്യാർത്ഥികളായ സഹോദരങ്ങൾ. കലോത്സവത്തിന്റെ പ്രധാന വേദിയായ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഡെയിനും സഹോദരിയായ പ്ലസ്ടു വിദ്യാർത്ഥിനി ഡിയയുമാണ് വയലിനിൽ ഒന്നാം സ്ഥാനം നേടിയത്. ഡെയിൻ എച്ച്.എസ് വിഭാഗം വയലിൻ പശ്ചാത്യത്തിലും പൗരസ്ത്യത്തിലും ഒന്നാമനായപ്പോൾ ചേച്ചി ഡിയ പാശ്ചാത്യത്തിലാണ് ഒന്നാമതെത്തിയത്. ആറ് വർഷമായി ഇരുവരും വയലിൻ അഭ്യസിക്കുന്നു. പാശ്ചാത്യത്തിൽ വെള്ളിലാംകണ്ടം സ്വദേശി കൃഷ്ണപ്രിയ ബാബുവും പൗരസ്ത്യത്തിൽ കലാമണ്ഡലം ഹരിതയുമാണ് ഗുരുക്കൾ. ഡിയയ്ക്ക് വൃന്ദവാദ്യത്തിലും സമ്മാനമുണ്ട്. സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് കട്ടപ്പന ഇളപ്പാനിക്കൽ ജിൻസ് ജോണിന്റെയും വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ അദ്ധ്യാപിക ഷീന ആന്റണിയുടെയും മക്കളാണ് ഇവർ.