കട്ടപ്പന: നളപാകത്തിലുള്ള ഊട്ടുപുര കലോത്സവ നഗരിയിലെ ഏവരുടെയും വയറും മനസും ഒരു പോലെ നിറച്ചു. കോട്ടയം ജില്ലാ കലോത്സവത്തിലടക്കം കഴിവ് തെളിയിച്ച വാഴൂർ വെട്ടിക്കാട്ട് സദ്യവട്ടത്തിലെ അനൂപ് ലാലിന്റെ രുചിവൈവിധ്യങ്ങളാണ് ഇത്തവണ. ആദ്യദിനത്തിൽ ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമായിരുന്നു പ്രഭാത ഭക്ഷണം. ഉച്ചയൂണിന് അഞ്ചുതരം വിഭവങ്ങളും അരിപ്പായസവും. രാവിലെയും വൈകിട്ടും ഇടവേളകളിലും ലഘുഭക്ഷണവും ചായയും നൽക്കുന്നുണ്ട്. രാത്രി ചോറും മറ്റ് വിഭവങ്ങളും. എല്ലാ ദിവസവും ഉച്ചയ്ക്ക്‌ ഊണിനൊപ്പം വ്യത്യസ്തയിനം പായസങ്ങളുണ്ടാകും. പ്രതിദിനം ശരാശരി 4000ൽപ്പരം പേർക്കാണ് ഭക്ഷണം നല്‍കുന്നത്. 1000 ചതുരശ്ര അടി വലുപ്പത്തിലുള്ള ഊട്ടുപുരയിൽ അഞ്ഞൂറിലധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണക്കമ്മിറ്റിയുടെ ചുമതല. നൂറോളം അദ്ധ്യാപകരും അമ്പതോളം വിദ്യാർത്ഥികളുമാണ് ഊട്ടുപുരയിലെ വോളന്റീയർമാർ.