തൊടുപുഴ: ചിന്നക്കനാൽ റിസർവ്വ് വനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കും മരവിപ്പിക്കും എന്ന വനം മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനും മാത്രമുള്ളതാണെന്ന് ബി. ജെ. പി പരിസ്ഥിതി സെൽ കോ -കൺവീനർ എം.എൻ. ജയചന്ദ്രൻ പറഞ്ഞു. . കേരള വനനിയമം സെക്ഷൻ 4 പ്രകാരം നോട്ടീഫൈ ചെയ്ത സ്ഥലം റീ നോട്ടിഫൈ ചെയ്യാൻ സംസ്ഥാനസർക്കാരിന് അവകാശമില്ല. കേന്ദ്രസർക്കാരും സുപ്രീംകോടതിയും എടുക്കുന്ന തീരുമാനം മാത്രമെ റീ നോട്ടിഫിക്കേഷന് ബാധകമാകൂ. മന്ത്രി പറയുന്നതുപോലെ 2023 ആഗസ്റ്റിൽ പാസാക്കിയ വനസംരക്ഷണ ഭേദഗതി നിലവിൽ സുപ്രീം കോടതി മുമ്പാകെ കേന്ദ്രസർക്കാർ കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഒരു ഉത്തരവ് ഇറക്കാൻ അവകാശമില്ല. ഇറക്കിയാൽ തന്നെ അതു നിലനില്ക്കുകയുമില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ സത്യം ജനങ്ങളെ അറിയിക്കാൻ ഒരു ജനാധിപത്യസർക്കാരിന് ബാധ്യതയുണ്ട്. ചിന്നക്കനാൽ റിസർവ്വ് നോട്ടിഫിക്കേഷൻ എത്രയും പെട്ടന്ന് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.