കട്ടപ്പന: സുഗന്ധറാണിയായ കട്ടപ്പനയുടെ മണ്ണിൽ കലയുടെ സൗഗന്ധികം വിടർത്തി കൗമാരോത്സവത്തിന് തിരി തെളിഞ്ഞു. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലാണ് താള ലയ വിസ്മയം തീർത്തു 34-മത് റവന്യൂ ജില്ലാ കലോത്സവത്തിന് തിരശീല ഉയർന്നത്. ഏഴ് ഉപജില്ലകളിൽ നിന്നായി നാലായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. എട്ടാം തീയതി വരെയാണ് കലോത്സവം നടക്കുക. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പാരിഷ് ഹാൾ, സി.എസ്.ഐ ഗാർഡൻ, ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയം തുടങ്ങി 10 വേദികളാണ് മത്സരങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ കട്ടപ്പന ടൗൺ ചുറ്റി വർണശബളമായ വിളംബര റാലിയും ഫ്ലാഷ് മോബും ഉണ്ടായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോൻ വിളംബര റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് കലാപരിപാടികൾ കാണാനായി കലോത്സവ വേദികളിലേക്ക് എത്തുന്നത്.