തൊടുപുഴ: തൊടുപുഴ അർബൻ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ അർബൻ ബാങ്ക് ഡിപ്പോസിറ്റേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. നിരവധി ആളുകൾ തങ്ങളുടെ ജീവിത സമ്പാദ്യമാകെ തൊടുപുഴ അർബൻ സഹകരണബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ നിക്ഷേപിക്കുകയും എന്നാൽ ഏറ്റവും അടിയന്തിര ജീവിതാവശ്യങ്ങൾക്കു പോലും നിക്ഷേപം പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ട് വർഷമായി തൊടുപുഴ അർബൻ ബാങ്ക് റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വായ്പനൽകലും നിക്ഷപം പിൻവലിക്കലുമെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി ഈ നടപടി നീട്ടാനാണ് റിസർവ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. 100 കോടിയിലധികം രൂപ ഇപ്പോൾ ബാങ്കിൽ ക്യാഷ് ബാലൻസ് ഉണ്ട്. നിക്ഷേകരുടെ പണം ലഭ്യമാക്കാൻ പ്രക്ഷോഭപരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്നും ഡിപ്പോസിറ്റേഴ്‌സ് ഫോറം പ്രസിഡന്റ് പി.ഡി ദേവസ്യ, ജനറൽസെക്രട്ടറി സിബിൻ എ.എസ്, ലീഗൽ അഡ്വൈസർ അഡ്വ. ജി. സുരേഷ്‌കുമാർ , കമ്മറ്റിയംഗം എം.ടി ജോസഫ് എന്നിവർ പത്രമ്മേളനത്തിൽ അറിയിച്ചു.