കട്ടപ്പന: ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെ ജനറേറ്റർ കേടായതിനെ തുടർന്ന് മത്സരം തടസ്സപ്പെട്ടു. ചിന്നക്കനാലിലെ ഫാത്തിമ മാതാ ഹൈസ്‌കൂളിൽ നിന്നെത്തിയ മത്സരാർത്ഥി അൽന സന്തോഷ് വേദിയിലെത്തി ഏഴാം മിനിറ്റിലാണ് ജനറേറ്റർ കേടായത്. വേദി മൂന്നിൽ രാവിലെ 10ന് മുതലാണ് മൂന്ന് വിഭാഗങ്ങളിലായി ഭരതനാട്യ മത്സരം അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഹൈസ്‌കൂൾ വിഭാഗം മത്സരമാരംഭിച്ചത്. ഇതിനിടെയാണ് രണ്ടാമത്തെ മത്സരാർത്ഥിയായി ചിന്നക്കനാലിലെ ഫാത്തിമ മാതാ ഹൈസ്‌കൂളിൽ നിന്നെത്തിയ അൽന സന്തോഷിനെ വൈദ്യുതി ചതിച്ചത്. ജനറേറ്റർ തകരാറിലായതോടെ ഏഴാം മിനുറ്റിൽ മത്സരം തടസ്സപ്പെട്ടു. ഇതോടെ അൽനയും ആശങ്കയിലായി.തകരാർ വേഗത്തിൽ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ അൽനയും അദ്ധ്യാപകരും വേദിയ്ക്ക് പിന്നിൽ കാത്തിരുന്നു. എന്നാൽ പതിനഞ്ച് മിനിറ്റ് വേണ്ടി വന്നു ജനറേറ്ററിന്റെ പ്രശ്‌നം കണ്ടുപിടിച്ച് പരിഹരിക്കാൻ. ഒടുവിൽ ആത്മവിശ്വാസത്തോടെ അൽന വീണ്ടും വേദിയിലെത്തി മത്സരം പൂർത്തിയാക്കി.