പീരുമേട് : കാട്ടുപന്നിയുടെയും മ്ളാവിന്റെയും ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്കേറ്റു. അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിലും ഗാന്ധിനഗർ പള്ളിമുറ്റത്തുമാണ് വന്യമൃഗ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റത്. അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന എസ്റ്റേറ്റ് തൊഴിലാളിക്ക് മ്ലാവിന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. കൊക്കക്കാട് സ്വദേശി പാണ്ടിയമ്മ (42) എസ്റ്റേറ്റിൽ തേയില കൊളന്ത് എടുക്കുമ്പോഴാണ് . ഇന്നലെ രാവിലെ 11 മണിയോടുകൂടി മ്ളാവിന്റെ ആക്രമണം ഉണ്ടായത്. തുടർന്ന് ഇവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഗാന്ധിനഗർ പള്ളിമുറ്റത്ത് വീട്ടിൽ പനിമാതാ (72) യ്ക്കാണ് കാട്ടുപന്നിയുടെ ആ ക്രമണത്തിൽപരിക്കിറ്റേത്.
വീടിനോട് ചേർന്നുള്ള റോഡിൽ നടക്കുന്നതിനിടെ വളർത്തുനായ കാട്ടു പന്നിയെ വിരട്ടി ഓടിച്ചു. കാട്ടുപന്നി പനി മാതായുടെ നേരെ വരികയും റോഡ് സൈഡിലേക്ക് വീഴുകയുമായിരുന്നു.തുടർന്ന് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീരുമേട് മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം നാൾക്ക്നാൾ കൂടിവരുകയാണ്. കാട്ടനക്കൂട്ടങ്ങൾ ഇറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുകയും വീടുകൾക്കും മതിലുകൾക്കും കേടുപാടുകൾ വരുത്തുകയുംചെയ്തിരുന്നു. ഇത് പലവട്ടം ആവർത്തിക്കുകയും ഒാേറെ കൃഷിക്കാർക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
കടുവയുടെ സാന്നിദ്ധ്യവും ഇവിടെ ജനജീവിതം ഏറെ ദുഷ്ക്കരമാക്കുന്നുണ്ട്. പെരിയാർ കടുവ സങ്കേതത്തോട് ഏറെ അടുത്തുള്ള പ്രദേശമെന്ന നിലയിൽ കടുവയുടെ സാന്നിദ്ധ്യം കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തിയിരുന്നു. തേയിലത്തോട്ടങ്ങൾക്ക് സമീപവും റോഡരുകിലുമൊക്കെ കടുവയെക്കണ്ട് ജനങ്ങൾ ഏറെ ഭയപ്പാടോടെ കഴിയേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. അടുത്ത ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിദ്ധ്യം കേൾക്കാനില്ലാതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് മ്ളാവും കാട്ടുപന്നിയുമൊക്കെ നാട്ടുകാരുടെ സ്വര്യം കെടുത്തുന്നത്. കാട്ടുപന്നി ആക്രമണം ഇവിടെ ന്യത്യസംഭവമെന്നപോലെയുമായി.