കട്ടപ്പന: ഗുരുനാഥൻ വേദിയിൽ അവതരിപ്പിച്ച കഥയ്ക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം ശിഷ്യയിലൂടെ ഒന്നാം സ്ഥാനം. മണിപ്പാറ സെന്റ് മേരീസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അന്ന മനോജാണ് ഗുരുവിന്റെ സ്വന്തം ശിഷ്യ. ലഹരി ഉപയോഗത്തിൽ മകളെ പീഡിപ്പിച്ച പ്രതിയ്ക്ക് കോടതിയിൽ നിന്ന് നീതി ലഭിക്കാതെ വരുമ്പോൾ മനസാക്ഷിയുടെ കോടതിയിൽ അമ്മ നീതി നടപ്പാക്കുന്ന വൈഷ്ണവി എന്ന കഥയാണ് അന്ന അവതരിപ്പിച്ചത്. വർഷങ്ങൾക്കിപ്പുറം തന്റെ വിദ്യാർത്ഥിനി തന്നേക്കാൾ മികച്ച രീതിയിൽ കഥാവതരണം നടത്തുന്നതിന് അദ്ധ്യാപകനായ ജോർജ് വർഗീസ് സാക്ഷിയായിരുന്നു. വെറും നാല് ദിവസങ്ങൾക്കൊണ്ടാണ് കഥ അന്ന ഹൃദ്യസ്ഥമാക്കിയത്. കഥയ്ക്കനുസരിച്ച് താളമേളങ്ങൾ ഒരുക്കി വിദ്യാർത്ഥികളായ കെ.എസ്. മരിയ, ഇ.എസ്. ആമോസ്, ഡെയ്ൻ ഷാൻജോ, റോഷൻ ബാബു എന്നിവരും മികച്ച പിന്തുണയാണ് നൽകിയത്.