
കട്ടപ്പന: ഇത്തവണ ജില്ലാ കലോത്സവത്തിൽ ഒന്നാമതെത്തുന്ന എല്ലാ കുട്ടികൾക്കും സ്വന്തമായി ട്രോഫി കിട്ടും. മുമ്പ് അതത് സ്കൂളുകൾക്ക് ആയിരുന്നു ട്രോഫി നൽകിയിരുന്നത്. ഇത് അടുത്ത കലോത്സവത്തിന് മുമ്പ് തിരിച്ചും നൽകണം. അതുകാരണം പല സ്കൂളുകളും ട്രോഫി കൊണ്ടുപോകാൻ പോലും തയ്യാറാകാറില്ല. എന്നാൽ ഇത്തവണ ഓരോ കുട്ടിക്കും വീട്ടിൽ കൊണ്ടുപോകാൻ ഓരോ ട്രോഫി കിട്ടും. ഇതിനായി ആയിരത്തിലധികം ട്രോഫിയാണ് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ അനുവദിച്ച 15,000 രൂപ ഒന്നിനും തികയാതെ വന്നതോടെ സ്പോൺസർഷിപ്പ് പോലുമില്ലാതെ അദ്ധ്യാപകർ സ്വന്തംനിലയ്ക്കാണ് ആവശ്യമായ പണം സ്വരൂപ്പിച്ചത്. കൺവീനർ കെ. സുനീഷിന്റെയും ജോയിന്റ് കൺവീനർ വി.സി. രാജേന്ദ്രകുമാറിന്റെയും നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റി പ്രവർത്തിക്കുന്നത്.