
കട്ടപ്പന: ബാൻ്റ് മാസ്റ്ററായ അച്ഛൻ്റെ ശിക്ഷണത്തിൽ 15 ദിവസങ്ങൾ കൊണ്ട് ക്ലാർനെറ്റിൽ വിസ്മയം തീർത്ത് അടിമാലി ഫാത്തിമ മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ടിസ മരിയ ആഗസ്തി. വെറും രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് ടിസ ഒന്നാമതെത്തിയത്. അവിടെ നിന്ന് ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിയത്. ഇവിടെയും അത്ഭുതപ്പെടുത്തുന്ന വിജയമാണ് നേടാനായത്. സുഷിര വാദ്യമായതിനാൽ സാധാരണ ദീർഘ നാളത്തെ പരിശീലനത്തിന് ശേഷം മാത്രമേ ക്ലാർനെറ്റിലൂടെ മനംമയക്കുന്ന സംഗീതം വായിക്കാനാവൂ. ബാൻ്റ് മേളങ്ങൾ നയിച്ച് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അച്ഛൻ ആനച്ചാൽ പുത്തൻപുരയ്ക്കൽ ആഗസ്തിയുടെ സൂഷ്മ തലത്തിലുള്ള നിർദേശങ്ങളും തിരുത്തലുകളുമാണ് ക്ലാർനെറ്റ് എളുപ്പം പഠിക്കാൻ തന്നെ സഹായിച്ചതെന്ന് ടിസ മരിയ പറയുന്നു. സഹോദരങ്ങൾക്കും അമ്മ ഷീബയ്ക്കുമൊപ്പമാണ് ടിസ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.