ഇടുക്കി: റവന്യൂ ജില്ലാ കലോത്സവത്തിലെ നൃത്ത ഇനങ്ങളിലെ വിധികർത്താക്കൾക്കെതിരെ പരാതിയുമായി രക്ഷിതാക്കളും മത്സരാർത്ഥികളും. ഭരതനാട്യം, നാടോടി നൃത്തം, തിരുവാതിര എന്നീ ഇനങ്ങളിൽ വിധികർത്തകൾ കോഴ വാങ്ങി അർഹതപ്പെട്ടവരെ തഴഞ്ഞു എന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മത്സരാർത്ഥി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി.
കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ മത്സരാർത്ഥിയാണ് പരാതിക്കാരി. അർഹരായ മത്സരാർത്ഥികളെ തഴഞ്ഞ ജില്ലയിലെ പ്രമുഖനായ ഒരു നൃത്താദ്ധ്യാപകന്റെ കീഴിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും സ്ഥാനം നൽകി എന്നാണ് ആക്ഷേപം. ചൊവ്വാഴ്ച മത്സരശേഷം രാത്രി നൃത്ത ഇനങ്ങൾക്ക് വിധി കർത്താവായിരുന്ന സ്ത്രീ ' നമ്മുടെ ആളെ വിജയിപ്പിച്ചിട്ടുണ്ടെന്നും ചിലവ് ചെയ്യണമെന്നും' ഫോണിലൂടെ മറ്റൊരാളെ അറിയിക്കുന്നത് കേട്ടു എന്നുള്ള രക്ഷിതാവിന്റെ ഫോൺ സംഭാഷണം കലോത്സവ നഗരിയിലാകെ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി.