കട്ടപ്പന: ഒപ്പനയും നാടോടിനൃത്തവും തിരുവാതിരയും സംഘനൃത്തവും നാടകവുമടക്കമുള്ള മനോഹര ഇനങ്ങൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ കലോത്സവത്തിന്റെ രണ്ടാം ദിനം മധുരകിനാവിന്റെ കുടമുല്ല പൂക്കൾ വിരിഞ്ഞു. ഇന്നലെയും തൊടുപുഴയുടെ അപ്രമാദിത്വത്തിനാണ് സാക്ഷ്യം വഹിച്ചത്. മത്സരങ്ങൾ വളരെ വൈകുന്നത് മത്സരാർത്ഥികളെ വലയ്ക്കുന്നുണ്ട്. മൂന്നാം വേദിയിലെ അവസാന രണ്ട് മത്സരങ്ങൾ പ്രധാന വേദിയിലേക്ക് മാറ്റിയതും ബുദ്ധിമുട്ടുണ്ടാക്കി. പരിചമുട്ട് നടന്ന സി.എസ്.ഐ മിനി ഹാളിൽ പൊടിശല്യം കാരണം വിധികർത്താക്കളടക്കം മൂക്ക് പൊത്തിയാണ് മത്സരം വീക്ഷിച്ചത്. പരിചമുട്ട് കളി നടന്ന വേദിക്ക് തൊട്ടരികിൽ തന്നെയാണ് നാടകവും നടന്നത്. പരിചമുട്ട് കളിയുടെ ശബ്ദം കാരണം നാടക ഡയലോഗ് കേൾക്കാൻ പാടില്ലെന്ന് പരാതിയും ഉയർന്നു.
ഇന്നലെ രാവിലെ നടന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു.
തൊടുപുഴയുടെ
തേരോട്ടം
കട്ടപ്പന: തൊടുപുഴയുടെ സർവാധിപത്യമാണ് രണ്ടാം ദിവസവും വേദികളിൽ കാണാൻ കഴിഞ്ഞത്. 469 പോയിന്റുകൾ നേടി തൊടുപുഴ ഉപജില്ലാ വിജയക്കുതിപ്പ് തുടരുകയാണ്. 407 പോയിന്റുമായി കട്ടപ്പനയാണ് രണ്ടാമത്.
തൊട്ടുപിന്നിൽ അടിമാലിയുണ്ട്. സ്‌കൂൾ തലത്തിൽ കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ്.എസാണ് കുത്തിപ്പിൽ മുന്നിൽ. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസും കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.