# പ്രധാന വേദിയിൽ സംഘർഷം
# മത്സരം ഒരു മണിക്കൂർ നിറുത്തി
കട്ടപ്പന: മൂന്നാം ദിനം റവന്യൂ ജില്ലാ കലോത്സവം കലാപോത്സവമായി മാറി.
പ്രധാന വേദിയിൽ നടന്ന മോഹിനിയാട്ട മത്സര ഫലത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വിധി നിർണയം ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ സഹോദരൻ ജഡ്ജസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കാരണത്താൽ വരും മത്സരങ്ങളിൽ നിന്ന് കുട്ടിയെ ഡീ ബാർ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി രക്ഷിതാവിൽ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങിയത് വിവാദമായി. ജഡ്ജസിന്റെ പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി.
ഒരു നൃത്താദ്ധ്യാപകൻ പരിശീലിപ്പിച്ച കുട്ടികൾക്കു മാത്രം സമ്മാനം നൽകുന്നു എന്നായിരുന്നു പരാതി. ബുധനാഴ്ച നടന്ന രതനാട്യം, കുച്ചുപ്പുടി മത്സരങ്ങളുടെ ഫലം സംബന്ധിച്ചും ഇതേ പരാതി ഉയർന്നിരുന്നു. മോഹിനിയാട്ട മത്സരത്തിലും ഇതാവർത്തിച്ചതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. മത്സരാർത്ഥികളും രക്ഷാകർത്താക്കളും ആക്രോശവുമായി
വിധികർത്താക്കളുടെ അടുത്തെത്തി.
വിധി കർത്താക്കളെ മാറ്റണമെന്നും തുടർന്നുള്ള മത്സരത്തിൽ പങ്കെടുക്കില്ലന്നും പറഞ്ഞു. സംഘാടകരും, പൊലീസും പണിപ്പെട്ടാണ് ഇവരെ അവിടെ നിന്ന് മാറ്റിയത്. ഇതിനു ശേഷമാണ് വിധി കർത്താക്കൾ ഡി.ഡിയ്ക്ക് പരാതി നൽകിയത്. എന്നാൽ അപ്പീൽ നൽകിയ കുട്ടിയെ മാത്രം ഓഫീസിൽ വിളിപ്പിക്കുകയും തുടർന്നുള്ള മത്സരത്തിൽ നിന്ന് ഡീ ബാർ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ വിഷമം മനസിലാക്കിയ അമ്മയും കൂടെ വന്ന അദ്ധ്യാപികയും മാപ്പപേക്ഷ എഴുതി നൽകി. തുടർന്നാണ് കുട്ടിയെ കേരള നടനം മത്സരത്തിൽ പങ്കെടുപ്പിക്കാൻ അധികൃതർ തയ്യാറായത്.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയ ശേഷം ഒരു മണിക്കൂർ വൈകിയാണ് മത്സരം പുനരാരംഭിച്ചത്. നൃത്ത ഇനങ്ങളിലെ വിധികർത്താക്കളുടെ കാര്യത്തിൽ ഒരാഴ്ച മുൻപ് വിദ്യാഭ്യാസ ഉപ ഡയറക്ടർ ആർ. വിജയയ്ക്ക് (ഡി.ഡി.) പരാതി നൽകിയിരുന്നെന്ന് മൂന്നു രക്ഷിതാക്കൾ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി, ജലവിഭവ മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സത്യഭാമ നാരായണൻ, സൂരജ് നായർ, അയന ദേവസി എന്നിവരായിരുന്നു വിധി കർത്താക്കൾ.