
തൊടുപുഴ: ക്ഷേത്രങ്ങളിൽ പതിവായി മോഷണം നടത്തുന്ന കാരിക്കോട് താഴെതൊട്ടിയിൽ ബിജു (പുള്ള് ബിജു- 48) അറസ്റ്റിലായി. തൊടുപുഴ കോലാനിയിലെ ക്ഷേത്രത്തിൽനിന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച ഇയാൾ 25,000രൂപ മോഷ്ടിച്ചിരുന്നു. ഇന്നലെ തൊടുപുഴ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. വാഹനമോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് മുട്ടം ജയിലിൽനിന്ന് ഒരാഴ്ച മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചപ്പോഴും ആക്രമവും വനിതാ പൊലീസുകാരെയടക്കം അസഭ്യവർഷവും തുടർന്നു. ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. വെട്ടുകേസിൽ വാറണ്ട് നിലനിൽക്കെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.