കട്ടപ്പന: ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് പെൺകുട്ടി. മൂലമറ്റം എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനി അൽന ബിജുവാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. എ. ശാന്തകുമാർ രചിച്ച് ലുക്മാൻ മൊറയൂർ സംവിധാനം ചെയ്ത 'ഒരു ജിബ്രീഷ് കിനാവ്' എന്ന നാടകത്തിൽ സ്ത്രീകളടക്കമുള്ള പാവങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിയായ കുള്ളൻ കുമാരൻ എന്ന പുരുഷകഥാപാത്രത്തെയാണ് അൽന അവതരിപ്പിച്ചത്. പ്രതിനായകനായ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവഭേദങ്ങളെ സ്വാഭാവികമായും തന്മയത്തത്തോടെയും അവതരിപ്പിച്ചതാണ് അൽനയെ മികച്ച നടനാക്കിയത്. മൂലമറ്റം അറക്കുളം പാലയ്ക്കാട്ട്കുന്നേൽ ബിജു ജോർജിന്റെയും സിനിയുടെയും മകളാണ്.
ലുക്മാൻ മൊറയൂരാണ് നാടകത്തിന്റെ സംവിധായകൻ.
മത്സരത്തിന് മുമ്പ് സാങ്കേതിക തകരാറിനെ തുടർന്ന് ഈ സ്‌കൂളിലെ 10 അംഗ ടീമിൽ ഒരാളുടെ പേര് മാത്രമാണ് രജിസ്റ്ററായത്. തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് മത്സരാർത്ഥികൾ തട്ടിൽ കയറിയത്.

ജിബ്രീഷ് ഭാഷ
ബാഹുബലി സിനിമയിലെ കാലകേയനെ പോലെ ഈ നാടകത്തിലെ ചില കഥാപാത്രങ്ങൾ സംസാരിക്കുന്നത് ജിബ്രീഷ് ഭാഷയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം വാക്കുകൾ തിരിച്ചും മറിച്ചുമിട്ട് വിദ്യാർത്ഥികൾ തന്നെയാണ് ഈ ഭാഷ തയ്യാറാക്കിയത്‌