
തൊടുപുഴ: 35 ഗ്രാം എം.ഡി.എംഎയും കഞ്ചാവുമായി യുവാവിന് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ പട്ടയംകവല കണ്ടന്നിൻകര ഹാരിസാണ് (34) പിടിയിലായത്. തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു ഇയാൾ. മുൻപ് എം.ഡി.എം.എ കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയത്.
പുതുവർഷ ആഘോഷത്തിനായി ഇടുക്കി ജില്ലയിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കഞ്ചാവ്, 35000 രൂപ, മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പായ്ക്ക് ചെയ്യുവാനുള്ള കവറുകൾ, ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ, എ.ടി.എം കാർഡുകൾ, എന്നിവ പൊലീസ് കണ്ടെടുത്തു.
ദിവസങ്ങളായി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചാണ് ഇയാൾ കച്ചവടം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ മുറിക്കുള്ളിലെ ജനൽ കമ്പികൾ ഒരാൾക്ക് കടന്ന് പോകാനാവും വിധം മുറിച്ച് മാറ്റിയ നിലയിലായിരുന്നെന്നും ഇത് രക്ഷപെടാനായി ഹാരിസ് തന്നെ മുറിച്ച് മാറ്റിയതാണോയെന്ന് സംശയമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഇയ്യാൾ പതിവായി ഇതേ മുറി തന്നെയാണ് എടുത്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
2022ലും സമാനമായ കേസിൽ ഹാരിസിനെ സ്വന്തം വീട്ടിൽ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ഇയാളിൽ നിന്നും 29.5 ഗ്രാം എം.ഡി.എം.എയും 235 ഗ്രാം കഞ്ചാവും എട്ട് ലക്ഷം രൂപയുമാണ് പൊലീസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും മയക്ക് മരുന്ന് വില്പന നടത്തിയത്. ഇടുക്കി ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ഷംസുദ്ദീൻ, എസ്.സി.പി.ഓ ഹരീഷ് ബാബു, തൊടുപുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ അജയകുമാർ, ദിനേശ്, എസ്.സി.പി.ഓ വിജയാനന്ദ്, സി.പി.ഓ രാജീവ്, അമൽ, ജോബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.