തൊടുപുഴ: ഇടിമിന്നലേറ്റ് കത്തിയ തെങ്ങുകളിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഇടവെട്ടി കാപ്പിത്തോട്ടത്തിലുള്ള വീടാണ് കത്തി നശിച്ചത്. വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശക്തമായ ഇടിമിന്നലിൽ വീടിന് സമീപത്ത് നിന്നിരുന്ന രണ്ട് തെങ്ങുകൾക്ക് തീപിടിച്ചു. ഓടിട്ട വീടായിരുന്നതിനാൽ വേഗം തീപടരുകയായിരുന്നു. മൂന്ന് മുറിയും തിണ്ണയും പൂർണമായും കത്തി നശിച്ചു. കാഞ്ഞിരമറ്റം ഇടയാടിക്കുന്നുംപുറത്ത് അരുണും കുടുംബവുമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും തീപ്പിടുത്തത്തിൽ നശിച്ചു.അസി. സ്റ്റേഷൻ ഓഫീസർ ടി.ഇ.അലിയാർ, കെ.ബി.ജിനീഷ് കുമാർ, പി.എൻ.അനൂപ്, ഡി.അഭിലാഷ്, പി.ടി.ഷാജി, എസ്.ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള തൊടുപുഴ അഗ്‌നിരക്ഷ സേനയും കല്ലൂർക്കാട് നിന്നുള്ള സംഘവും എത്തിയാണ് തീ അണച്ചത്.