കട്ടപ്പന: ടീം അംഗങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടും പൂരക്കളിയിൽ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ് കഴിഞ്ഞ 23 വർഷമായി തുടരുന്ന കുത്തക തകർക്കാൻ ആർക്കുമായില്ല. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് കുമാരമംഗലം തുടർച്ചയായി ആധിപത്യം നിലനിറുത്തിയത്. മത്സരത്തിന് നാല് ദിവസം മുമ്പാണ് എച്ച്.എസ്.എസ് ടീം അംഗങ്ങളിൽ ഒരാളായ പ്ലസ്ടു വിദ്യാർത്ഥി ഇന്ദ്രജിത്ത് സൈക്കിളിൽ നിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. 10 സ്റ്റിച്ച് ഉണ്ടായിരുന്നു. ഇതോടെ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്നാണ് കരുതിയത്. എന്നാൽ പരിക്ക് അവഗണിച്ച് ഇന്ദ്രജിത്ത് ടീമിന്റെ വിജയത്തിനായി വേദിയിൽ കയറുകയായിരുന്നു. ടീമിലെ മറ്റൊരു അംഗമായ ആയുഷ് മന്മഥനും ക്ലാസിലെ ഡസ്‌ക് മറിഞ്ഞു കാലിൽ വീണ് പരിക്കേറ്റിരുന്നു. 2007 മുതൽ സജീഷ് പയ്യന്നൂർ ആണ് പൂരക്കളി പഠിപ്പിക്കുന്നത്.