തൊടുപുഴ: നവകേരള സദസ്സിനെ വരവേൽക്കാൻ ജില്ലാ കവാടമായ തൊടുപുഴ ഒരുങ്ങി. ജില്ലയിലെ ആദ്യ കേന്ദ്രമായ തൊടുപുഴ മണ്ഡലത്തിൽ എല്ലാ സജ്ജീകരണങ്ങളും ധ്രുതഗതിയിൽ പൂർത്തിയാകുകയാണെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി ബിനുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഒരു നഗരസഭയും അടങ്ങുന്ന തൊടുപുഴ മണ്ഡലത്തിൽ 20,000ലേറെ പേർ സദസ്സിൽ പങ്കെടുക്കും. നഗരസഭയിൽനിന്ന് മാത്രം 5000പേരെത്തും.
ജില്ലാ അതിർത്തിയായ അച്ചൻകവലയിൽനിന്ന് വലിയ ജനാവലിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ച് ഗാന്ധി സ്ക്വക്വയറിലെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്തെ സദസ്സ് വേദിയിലെത്തിക്കും. വൈകിട്ട് ആറിന് മുഖ്യമന്ത്രിയെത്തി സദസ്സ് ആരംഭിക്കും. മൂന്ന് മന്ത്രിമാർ നേരത്തെയെത്തി പരിപാടികൾക്ക് തുടക്കം കുറിക്കും. രാത്രി എട്ടിന് സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കും.ചിട്ടയോടെ ഒരുക്കങ്ങൾ
നിവേദനങ്ങൾ സ്വീകരിക്കാൻ വേദിയുടെ പിന്നിലായി 20കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു കൗണ്ടറിൽ മൂന്ന് ജീവനക്കാർ വീതമുണ്ടാകും. വൈകിട്ട് മൂന്നുമുതൽ പരാതികളും നിവേദനങ്ങളും സ്വീകരിക്കും. സദസ്സ് അവസാനിച്ചാലും എത്തുന്ന എല്ലാവരുടെയും നിവേദനം സ്വീകരിച്ച ശേഷമേ കൗണ്ടർ അടയ്ക്കൂ. ഭിന്നശേഷിക്കാർക്കും വനിതകൾക്കും പ്രായമായവർക്കുമായി മൂന്ന് കൗണ്ടർ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇത്രയും ജനം നഗരത്തിലെത്തുമ്പോൾ ബുദ്ധിമുട്ടുകളേതുമില്ലാതെ പോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഗതാഗത ക്രമീകരണം സംബന്ധിച്ച നടപടികൾ പൊലീസ് സ്വീകരിക്കും. സദസ്സിൽ പങ്കെടുക്കാനെത്തുന്നവർക്കായി കുടിവെള്ളം, ചുക്കു കാപ്പി, ഏത്തപ്പഴം, എന്നിവ നൽകും. ശൗചാലയ സൗകര്യവും ഒരുക്കും. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർ കെ .പി ദീപ, ബി. ഡി. ഒ എ ജെ അജയ് എന്നിവർ പങ്കെടുത്തു.