തൊടുപുഴ: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് പുറമെ നിന്നെത്തിയ യുവാവിന്റെ മർദ്ദനത്തിൽ ഗുരുതര പരിക്ക്. കുട്ടിയുടെ മൂക്കിനും കൈക്കും സാരമായി പരിക്കേറ്റു. . ഉടുമ്പന്നൂർ പഞ്ചായത്തിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് മർദ്ദനത്തിന് ഇരയായത്. വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്‌റ്റോപ്പിലേക്ക് നടക്കുന്നതിനിടെ അക്രമിയെത്തുകയും തുടർച്ചയായി മുഖത്തും ശരീര ഭാഗങ്ങളിലും ഇടിക്കുകയുമായിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു. മർദ്ദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന വിദ്യാർത്ഥിയെ സ്‌കൂൾ അധികൃതർ ആദ്യം കരിമണ്ണൂരിലെയും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മുതലക്കോടത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
. വിദ്യാർത്ഥി അക്രമത്തിനിരയായ സംഭവത്തിൽ സ്‌കൂൾ അധികൃതർ വ്യാഴാഴ്ച വൈകിട്ട് തന്നെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അക്രമം നടത്തിയ യുവാവിനെതിരെ കേസെടുത്തതായി കരിമണ്ണൂർ പൊലീസ് അറിയിച്ചു.