
കുമളി: വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന തേക്കടി റോഡ് നവീകരണത്തിന് തേക്കടിയിൽ നടക്കാൻ പോകുന്ന മന്ത്രിസഭാ യോഗം അനുഗ്രഹമായി.കുമളി തേക്കടി ജംഗ്ഷൻ മുതൽ തേക്കടി വനം വകുപ്പ് ചെക്ക്‌പോസ്റ്റ് വരേയുള്ള ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തികളാണ് വർഷങ്ങളായി ഇഴഞ്ഞ് നീങ്ങിയിരുന്നത്. റോഡിൽ കോൺക്രീറ്റ് കട്ടകൾ പതിക്കുന്നതും നടപ്പാത നിർമ്മിക്കുന്നതുമെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. . ജില്ലയിലെ ഒട്ട്മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഹൈടെക് റോഡുകൾ വന്നപ്പോൾ ഏറെ പഴക്കവും തിരക്കേറിയതുമായ റോഡ് എന്നും അവഗണിക്കപ്പെടുകയായിരുന്നു. തേക്കടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളെ തെല്ലൊന്നുമല്ല യാത്രാക്ളേശം വിഷമിപ്പിച്ച്പോരുന്നത്.
ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന പല സംഘടനകളും റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രതിഷേധിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വാർത്ത മാദ്ധ്യമങ്ങളിൽ നിരന്തരം വാർത്തയുമായി.
ഏറ്റവും അവസാനം തേക്കടി ജംഗ്ഷന് സമീപം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ ഓട നിർമ്മാണം വിവാദ മായിരുന്നു.ഏറെ നാളായി ആവശ്യമുന്നയിച്ചതിനോട് പുറം തിരിഞ്ഞ് നിന്നവർ ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റു. നാട്ടുകാർ ആഗ്രഹിച്ചതിലും നല്ല നിലവാരത്തിൽ റോഡ് പുനരുദ്ധാരണം നടക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ഭരണകർത്താക്കൾ എല്ലാവരും എത്തുക മാത്രമല്ല മന്ത്രിസഭായോഗം നടക്കുകകൂടിയാകുമ്പോൾ നൽകേണ്ട പ്രാധാന്യം അധികൃതർ തിരിച്ചറിഞ്ഞു. നവകേരള സദസ്സിനായി എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും തേക്കടിയിലാണ് ഒരു ദിവസം താമസിക്കുന്നതും മന്ത്രിസഭായോഗം നടത്തുന്നതും.
വർക്ക് പ്രോഗ്രസിലാണ്...
തേക്കടി റോഡിലെ വലിയ കുഴികൾ അടയ്ക്കുന്ന തിരക്കിലാണിപ്പോൾ . ഇതിനുള്ള ഉപകരണങ്ങളും മെറ്റലും ടാറുമെല്ലാം എത്തിച്ചു കഴിഞ്ഞു.
വർക്ക് ഇൻ പ്രോഗ്രസ് ബോർഡ് റോഡിന് നടുവിൽ സ്ഥാപിച്ച് പ്രാഥമിക ജോലികൾ ചെയ്യാൻ തുടങ്ങി.
.പൊതുമരാമത്ത് വകുപ്പിനൊപ്പം വനം വകുപ്പും ടൂറിസം വകുപ്പും വർഷങ്ങളായി നടത്താതിരുന്ന പണികൾ തിരക്കിട്ട് നടത്തുകയാണ്.