തൊടുപുഴ: സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടവർ സംഘടനയുടെ പേരിൽ മേഖല കമ്മിറ്റികൾ രൂപീകരിക്കുന്നതായും വിവാഹ ഏജന്റുമാരായും വിവാഹ ഏജൻസി നടത്തിപ്പുകാരായും പ്രവർത്തിക്കുതിനെതിരെ നടപടിയെടുക്കുമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷൻ നിയമാവലി പ്രകാരം സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, താലൂക്ക് കമ്മിറ്റി എന്നീ തലങ്ങളിൽ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളു. നിയമാവലി പ്രകാരം മേഖല കമ്മിറ്റി രൂപീകരിക്കാൻ പാടുള്ളതല്ല.മേഖലാ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നത് സംഘടനാ നിയമാവലിക്ക് വിരുദ്ധമാണ്. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവർ സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷൻ പ്രവർത്തക സമ്മേളനവും വധൂവരൻമാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും തിങ്കളാഴ്ച്ച രാവിലെ പത്തിന് പ്രസ്ക്ളബ് ഹാളിൽ നടക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ രജിസ്ട്രേഷൻ സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.ആർ. അയ്യപ്പൻകുട്ടി , ഇടുക്കി ജില്ലാ സെക്രട്ടറി മിനി മുരളി , എറണാകുളം ജില്ലാ സെക്രട്ടറി ജോസി കെ.എ, കോട്ടയം ജില്ലാ സെക്രട്ടറി പി. സുഗതൻ എന്നിവർ അറിയിച്ചു.