കട്ടപ്പന: ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനുള്ള സി.ഇ.ഐ.ആർ.ആപ്പ് ഉപയോഗപ്പെടുത്തി കുമിളി സ്വദേശിനിയായ വീട്ടമ്മ കാണാതായ ഫോൺ വീണ്ടെടുത്തു. രണ്ടുമാസം മുൻപാണ് വീട്ടമ്മയുടെ ഫോൺ കട്ടപ്പന താലൂക്ക് ആശുപത്രിയിൽവെച്ച് കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിയ്‌ക്കൊപ്പം കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ. ) ആപ്പിലും പരാതി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നഷ്ടപ്പെട്ട ഫോൺ തൊടുപുഴ ഭാഗത്ത് ഉപയോഗത്തിലുണ്ടെന്ന് ആപ്പ് ന്റെ സഹായത്തോടെ കണ്ടെത്തി. ഇതോടെ കട്ടപ്പന പൊലീസ് ഇടപെട്ട് ഫോൺ ഉപയോഗിച്ചിരുന്നയാളെ കണ്ടെത്തി തിരികെ വാങ്ങി നൽകുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയ്ക്ക് കളഞ്ഞു കിട്ടിയ ഫോൺ തൊടുപുഴ സ്വദേശിയ്ക്ക് ഇവർ വിൽക്കുകയായിരുന്നു. യുവതി പരാതി പിൻവലിച്ചതിനാൽ താലൂക്ക് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയ്ക്ക് എതിരെ പൊലീസ് കേസെടുത്തില്ല.