മലയോരമണ്ണിന്റെ മനസ് കീഴടക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് മുതൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്തും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികൾ പരിഹരിക്കാനുമാണ് നവകേരള സദസ്. ജില്ലയിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണാനായി മൂന്ന് ദിവസത്തെ പര്യടനം ഉപകരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഇന്ന് ജില്ലയുടെ അതിർത്തിയായ മടക്കത്താനത്ത് വൈകിട്ട് 5.30 ന് സ്വീകരണം. 6 മണിക്ക് തൊടുപുഴ മണ്ഡലത്തിലെ നവകേരളസദസ് ഗാന്ധിസ്‌ക്വയർ മൈതാനത്ത് നടക്കും . 9.30 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കി മണ്ഡലത്തിലേക്ക് തിരിക്കും. 11 ന് രാവിലെ 9ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രഭാതയോഗം നടക്കുക. 11ന് ഇടുക്കി നിയോജകമണ്ഡലത്തിലെ നവകേരളസദസ് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടക്കും. 2 ന് മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണിൽ 2.45 ന് സ്വീകരണം. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നവകേരളസദസ് നടക്കും. 5 മണിക്ക് ഉടുമ്പൻചോല മണ്ഡലത്തിലേക്ക് തിരിക്കും. വൈകന്നേരം 6ന് ഉടുമ്പൻചോല മണ്ഡല നവകേരളസദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. തുടർന്ന് 9.30 ന് പീരമേട് മണ്ഡലത്തിലേക്ക് തിരിക്കും. തേക്കടിയിലാണ് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
പര്യടനത്തിന്റെ അവസാന ദിവസമായ ഡിസംബർ 12 ന് രാവിലെ 9 മണിക്ക് തേക്കടി ബാംബു ഗ്രോവിൽ മന്ത്രിസഭായോഗം നടക്കും. പീരമേട് മണ്ഡലത്തിലെ നവകേരളസദസ് രാവിലെ 11 ന് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ്. ഉച്ചഭക്ഷണത്തിന് ശേഷം 2 മണിക്ക് കോട്ടയം ജില്ലയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും.