ഇടുക്കി: നവകേരളത്തിന്റെ ഭാവി വികസന സാദ്ധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള മന്ത്രിസഭ പങ്കെടുക്കുന്ന നവകേരള സദസിന് ജില്ലയിൽ ഇന്ന് തുടക്കമാവും.
വൈകീട്ട് 6.30ന് ഗാന്ധിസ്‌ക്വയർ മൈതാനത്ത് നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ , അഹമ്മദ് ദേവർ കോവിൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻ കുട്ടി, എ.കെ.ശശീന്ദ്രൻ, അഡ്വ.ആന്റണി രാജു, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ജെ.ചിഞ്ചുറാണി, വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ, അഡ്വ.ജി.ആർ.അനിൽ, ഡോ.ആർ.ബിന്ദു, എം.ബി.രാജേഷ്, പി.പ്രസാദ്, വി.ശിവൻകുട്ടി, മന്ത്രി വീണ ജോർജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്.
പരാതി സ്വീകരിക്കാൻ
പ്രത്യേകം കൗണ്ടറുകൾ
നവകേരള സദസിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരാതികൾ സ്വീകരിക്കാൻ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപ് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചു തുടങ്ങും. അപേക്ഷകളിൽ സമയബന്ധിത നടപടി ഉറപ്പാക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട് . പരാതികൾ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത് പരിപാടികൾ ആരംഭിക്കുന്നതിനു മുൻപും , പരിപാടി കഴിഞ്ഞതിനു ശേഷവും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടർ സൗകര്യം ഏർപ്പെടുത്തും. പരാതികളിൽ പൂർണ്ണമായ വിലാസവും മൊബൈൽ നമ്പറും നിർബന്ധമായി നൽകണം. പരാതിക്കാർക്ക് രസീത് നൽകും. മുഴുവൻ പരാതികളും സ്വീകരിച്ചതിനുശേഷ മാത്രമേ കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കുകയുള്ളു.
പ്രഭാത യോഗം
നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും സംവദിക്കും. 11ന് രാവിലെ 9ന്ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രഭാതയോഗം.
ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി യെത്തി
നവകേരള സദസിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനെത്തി. ശനിയാഴ്ചത്തെ നവകേരള സദസ്സ് പരിപാടികൾ മാറ്റിവച്ചപ്പോൾ ലഭിച്ച ഒഴിവിലാണ് മന്ത്രി മണ്ഡലത്തിലെത്തിയത് . തിങ്കളാഴ്ചയാണ് മന്ത്രിയുടെ മണ്ഡലമായ ഇടുക്കിയിലെ ഐ.ഡി.എ ഗ്രൗണ്ടിൽ നവകേരളസദസ് നടക്കുക. മന്ത്രിയോടൊപ്പം ജില്ലാ കളക്ടർ ഷീബാ ജോർജും ത്രിതല പഞ്ചായത്ത് പ്രതിനിധികളും സംഘാടകസമിതി അംഗങ്ങളും ഉണ്ടായിരുന്നു.