കട്ടപ്പന: വൈദിക വേഷത്തിൽ തൊഴിൽ തട്ടിപ്പ് ഉൾപ്പെടെ നടത്തിയതിന് വെട്ടിക്കുഴക്കവല സ്വദേശിയായ 17കാരന്റെ പേരിൽ വ്യാപക പരാതികൾ. തട്ടിപ്പിനിരയായവരാണ് കട്ടപ്പന സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ളോഹയിട്ട് കുർബാനയർപ്പിയ്ക്കുന്ന വ്യാജ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. ചിത്രത്തിൽ ഇയാളെക്കണ്ടാൽ പ്രായവും തോന്നിയ്ക്കും. കമ്പ്യൂട്ടർ സാങ്കേതിക വിദ്യായിലുള്ള മികച്ച പരിജ്ഞാനമാണ് തട്ടിപ്പിനായി ഇയാൾ പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്. വീട്ടിൽ നിന്നും സാധാരണ വേഷത്തിൽ പുറത്തുപോകുന്ന പ്രതി മറ്റു നാടുകളിലെത്തിയാൽ ളോഹയിട്ട് വൈദികനെപ്പോലെ ആളുകളുമായി ഇടപെടുന്നതും പതിവാണെന്ന് പരാതികളിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.