deepa

തൊടുപുഴ : സാക്ഷരതാ പരീക്ഷയെഴുതാൻ നവ സാക്ഷരർ കൂട്ടത്തോടെയത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) ഭാഗമായി നവ സാക്ഷരത നേടിയ ആറായിരത്തോളം പേരാണ് ഇന്നലെ ജില്ലയിൽ നിന്ന്
സാക്ഷരതാ പരീക്ഷ എഴുതിയത്.
ജില്ലയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലായിട്ടാണ് ഇത്രയും പേർ പരീക്ഷ എഴുതിയത്.
കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് സാക്ഷരതാ പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളും കമ്യൂണിറ്റി ഹാളുകളും പരീക്ഷാ കേന്ദ്രങ്ങളായിരുന്നു. വാചികം, എഴുത്ത്, ഗണിതം എന്നീ 3 ഭാഗങ്ങളായിരുന്നു പരീക്ഷക്ക് ഉണ്ടായിരുന്നത്.പഠിതാക്കൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.മറയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സാക്ഷരതാ പരീക്ഷ എഴുതാൻ എത്തിയ നവ സാക്ഷരർക്ക് മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾജ്യോതി ചോദ്യ പേപ്പർ നല്കി ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം, ഹെഡ് മാസ്റ്റർമാരായ മോഹൻ എസ്, സെൽവിൻരാജ് ആർ,വിനു ആന്റണി, ആർ വാസന്തി എന്നിവർ സന്നിഹിതരായിരുന്നു.