അച്ചൻകവലവഴി മലയോര മനസിലേക്ക്

തൊടുപുഴ: അക്ഷരാർത്ഥത്തിൽ ജനസാഗരം,​ അതായിരുന്നു തൊടുപുഴ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തൊടുപുഴയാറിന്റെ കൈവഴികളിലൂടെ ചെറുനദികളായി ഒഴുകിയെത്തിയ ജനസഞ്ചയം ഗാന്ധി സ്ക്വയറിൽ ഒരു കടലായി തീർന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കാണാനും അപേക്ഷകൾ സമർപ്പിക്കാനുമായി എത്തിയ ജനതയുടെ നിലയ്ക്കാത്ത പ്രവാഹം. തൊടുപുഴ നഗരം ഇതേവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനബാഹുല്യം. നവകേരള സൃഷ്ടിയുടെ ഭാഗമാകാൻ ജാതി- മത വ്യത്യാസമില്ലാതെ സാധാരണക്കാർ മുതൽ ജനപ്രതിനിധികൾ വരെ പതിനായിരങ്ങളാണ് എത്തിയത്. എറണാകുളം ജില്ലയിലെ മണ്ഡല പര്യടനങ്ങൾ പൂർത്തിയാക്കിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സംഘത്തിന് മുന്നിൽ തൊടുപുഴ ഹൈറേഞ്ചിന്റെ വാതിൽ തുറന്നിട്ടു. രാത്രി 7.20ന് ജില്ലാ അതിർത്തിയായ അച്ചൻകവല വഴി മുഖ്യമന്ത്രിയും മന്ത്രിമാരും മലയോര മണ്ണിലെത്തി. ആദ്യകേന്ദ്രമായ തൊടുപുഴ മണ്ഡലത്തിലെ സദസ് വേദിയായ ഗാന്ധി സ്ക്വയർ പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് കാത്തിരുന്ന ജനസഹസ്രങ്ങളുടെ നടുവിലേക്ക് വികസന നായകൻ പിണറായി വിജയനും സംഘവുമെത്തി. മന്ത്രിസഭയെ സമാനതകളില്ലാത്ത ആവേശ ആരവങ്ങളുടെ മുഴക്കത്തോടെ ജനം വരവേറ്റു. ഇനി മലയോര മണ്ണിൽ നവകേരളത്തിനായുള്ള ചർച്ചകളുടെയും ആശയ പങ്കുവയ്ക്കലിന്റെയും രണ്ട് പകലുകൾ. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. ജനാവലിക്ക് വേണ്ട കുടിവെള്ളം, ഇ- ടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിംഗ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘാടക സമിതി സജ്ജമാക്കിയിരുന്നു. നവകേരള സദസിന് ഓളം തീർത്ത് തൊടുപുഴ കേളി സംഗമത്തിന്റെ നേതൃത്വത്തിൽ വാദ്യമേളവും ഏഴല്ലൂർ ശ്രീധർമ ശാസ്താ സംഘത്തിലെ സ്ത്രീകൾ അവതരിപ്പിച്ച കൈകൊട്ടികളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
നേരത്തെ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ എൻ ബാലഗോപാൽ, വി അബ്ദുറഹ്മാൻ എന്നിവർ എത്തി സമ്മേളനം ആരംഭിച്ചു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷനായി. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, എം.എം. മണി എം.എൽ.എ, എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കെ.ഐ. ആന്റണി, മറ്റ് നേതാക്കളായ മുഹമ്മദ് ഫൈസൽ, ടി.ആർ. സോമൻ, ടി.കെ. ശിവൻനായർ, പി.പി. സുമേഷ്, കെ.എൽ. ജോസഫ് എന്നിവർ പങ്കെടുത്തു.