തൊടുപുഴ: കേന്ദ്രസർക്കാറിന് നീരസം ഉണ്ടാകുന്നതിൽ പ്രതിപക്ഷം എന്തിനാണ് വികാരം കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ജില്ലയിലെ ആദ്യ മണ്ഡലം സദസ് തൊടുപുഴ ഗാന്ധി സ്‌ക്വയർ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം തകരട്ടെ എന്ന കേന്ദ്രത്തിന്റെ മനസ്സിനെ ഐക്യവും ഒരുമയും കൊണ്ടാണ് നാം നേരിട്ടത്. എല്ലാ മേഖലയും അഭിവൃദ്ധിപ്പെടാനാണ് നാം ശ്രമിക്കുന്നത്. അതിന് പിന്തുണ നൽകേണ്ട കേന്ദ്രം നമ്മുടെ മുന്നോട്ടു പോക്കിനെ എങ്ങനെയാക്കെ തടയാൻ കഴിയുമെന്നാണ് നോക്കുന്നത്. ഒരു കേന്ദ്രസർക്കാർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത സമീപനമാണത്. പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ ധനവും അധികാരവും കേരളം നൽകുമ്പോൾ കേന്ദ്രത്തിൽ നിന്ന് നമുക്ക് ലഭിക്കുന്നത് അവഗണനയും നിരാശയുമാണ്. നമ്മുടെ നാട് ഒരുമിച്ചു നേരിടേണ്ട ഈ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ അരയക്ഷരം ഉരിയാടാൻ പ്രതിപക്ഷ എം.പിമാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാറിന്റെ തെറ്റായ സമീപനം തുറന്നുകാണിക്കുന്നതിൽ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനാണ്. സംസ്ഥാനത്ത് നിന്നുള്ള 20 എം.പിമാരിൽ 18 പേർ പ്രതിപക്ഷത്തു നിന്നാണ്. ഇവരിലാരും ഇതുവരെ കേരളത്തിനെതിരായ കേന്ദ്രസമീപനത്തെക്കുറിച്ച് പാർലമെന്റിൽ മിണ്ടിയിട്ടില്ല. എല്ലാ പാർലമെന്റ് സെഷൻ നടക്കുമ്പോഴും സംസ്ഥാനം എം.പിമാരുടെ യോഗം വിളിക്കാറുണ്ട്. ഒരുവേള എം.പിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാർലമെന്റിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ എം.പിമാർ ആദ്യം അംഗീകരിച്ചു. എന്നാൽ കേന്ദ്രധനമന്ത്രിയെ കണ്ട് നൽകാനുള്ള നിവേദനം തയ്യാറാക്കി നൽകിയപ്പോൾ ഒപ്പിടാൻ പോലും തയ്യാറാകാതെ പിന്മാറുകയായിരുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടും കേരളത്തിന്റെ പൊതുവികാരം പോലും പ്രതിപക്ഷ എംപിമാരുടെ സമീപനം പോലും പാർലമെന്റിൽ പ്രതിഫലിപ്പിക്കാനായില്ല. ഇത്തരം വിഷയങ്ങളിൽ 2019ന് ശേഷം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നിട്ടേയില്ല. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലുമൊക്കെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടപ്പോൾ മതനിരപേക്ഷരെന്നവകാശപ്പെടുന്ന ഇവർ മിണ്ടിയതേയില്ല. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെട്ടപ്പോൾ കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ മങ്ങിപ്പോയതായി മുഖ്യമന്ത്രി പറഞ്ഞു.