തൊടുപുഴ: 2868 പട്ടയങ്ങളാണ് തൊടുപുഴ മണ്ഡലത്തിൽ ഈ സർക്കാറിന്റെ കാലത്ത് വിതരണം ചെയ്തതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. തൊടുപുഴ ഗാന്ധി സ്‌ക്വയർ മൈതാനത്ത് നടന്ന തൊടുപുഴ നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴ നിയോജക മണ്ഡലത്തിൽ വിപ്ലവകരമായ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷത്തിനിടെ സർക്കാർ നടപ്പാക്കിയത്. ലൈഫ് മിഷൻ വഴി 3738 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 8746 വീടുകളുടെ നിർമാണം നടക്കുന്നു. ജില്ലയിലെ ആദ്യത്തെ സ്‌പൈസസ് പാർക്ക് മുട്ടത്ത് ആരംഭിച്ചു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ കേരളം മറ്റെല്ലാവർക്കും മാതൃകയാണ്. 64 ലക്ഷം പേർക്കാണ് കേരളം ക്ഷേമ പെൻഷൻ നൽകുന്നത്. 43 ലക്ഷം കുടുംബങ്ങൾക്കാണ് കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂലം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.