തൊടുപുഴ: അരിക്കൊമ്പനെ പിടികൂടി ലോറിയിൽ കൊണ്ടുപോകുന്ന ആകാശദൃശ്യം ചാനലുകളിൽ കാണിച്ചതിലൂടെ ഇടുക്കിയുടെ ഉൾപ്രദേശങ്ങളിലെ റോഡുകളുടെ നിലവാരം ജനങ്ങൾ മനസിലായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തൊടുപുഴ ഗാന്ധി സ്‌ക്വയർ മൈതാനത്ത് നവകേരള സദസിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കപ്പെടുന്ന റോഡുകളാണ് സംസ്ഥാനത്ത് ഉടനീളം. മലയോര ഹൈവേയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. പുതിയ എയർ പോർട്ടുകൾ, എയർ സ്ട്രിപ്പുകൾ എന്നിവ പരിഗണനയിലാണ്. 31000 ടൺ ഭാര ശേഷിയുള്ള കപ്പലുകൾ അടുക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങി ആദ്യ കപ്പൽ തീരമണഞ്ഞു. കേരളത്തിന്റെ ഭാവിയുടെ ദിശ തീരുമാനിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നതാവും ഈ തുറമുഖം. 1515 കോടി ചിലവിൽ ഏഷ്യയിൽ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.