മൂന്നു മാസംകൊണ്ട് നേടിയത് മുടക്ക് മുതലിന്റെ പകുതിയിലേറെ തുക

പീരുമേട് : ഗ്ളാസ് ബ്രിഡ്ജ് സൂപ്പറായി, മൂന്ന് മാസത്തിനുള്ളിൽ ഒഴുകിയെത്തിയത് എഴുപതിനായിരം വിനോദസഞ്ചാരികൾ. ഒരു കോടി എഴുപത്തിഅഞ്ചു ലക്ഷം രൂപയുടെ റിക്കാർഡ് കളക്ഷനും നേടാനായി. ഇടുക്കിയിലെടൂറിസം മേഖലക്ക് പുത്തൻ ദിശാബോധം നൽകുകയാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. സാഹസിക ടൂറിസം രംഗത്ത് പുതിയ കാൽവയ്പ്പ് നടത്തുമ്പോൾ ഇത്തരത്തിൽ ഒരു മുന്നേറ്റം പുതിയ റിക്കാർഡാണ് ഇട്ടിരിക്കുന്നത്.

സന്ദർശകരെ വരവേൽക്കാൻ അഡ്വഞ്ചർ പാർക്കിൽ ഒട്ടേറെ പദ്ധതികളാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പിലാക്കിയപ്പോൾ മുടക്ക്മുതൽ അധികം താമസിയാതെതന്നെ തിരികെ കിട്ടുമെന്ന് ഒട്ടും കരുതിയിട്ടുണ്ടാവില്ല. ഒരു വലിയ മലയുടെ മുകളിൽ ലെ ചില്ല് പാലത്തിലൂടെ നടക്കുമ്പോൾ താഴെക്ക് നോക്കിയാൽ കാണുന്ന അതി സാഹസികത ആസ്വദിക്കാൻ കേരളത്തിന്റെയും ഇതരസംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികൾ വാഗമൺ സാഹസിക പാർക്കിലേക്ക് ഒഴുകി എത്തുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇത്തരം സാഹസികതക്ക് വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിനെ തിരക്കിലമർത്തി. സാഹസിക വിനോദ പാർക്കും , ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീ ഫോൾ, ജയന്റ് സ്വിഗ്, സിപ് ലൈൻ, തുടങ്ങിയവ സാഹസിക പാർക്കിൽ തയ്യാറാക്കിയിട്ടുണ്ട്.അവധി ദിവസങ്ങൾ അടിച്ചുപൊളിച്ച് ആഘോഷിക്കാൻ സഞ്ചാരികളുടെ തെരക്കോട് തിരക്ക് അനുഭവപ്പെടുന്നു.

സംസ്ഥാന സർക്കാർ ടൂറിസം മേഖലക്ക് നൽകുന്ന പ്രോത്സാഹന മാണ് വിനോദസഞ്ചാര മേഖലയെ വാഗമണ്ണിലെ ടൂറിസം രംഗത്തുണ്ടായ കുതിച്ചു ചാട്ടം.സെപ്തംബർ ആറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ചില്ല് പാലം ഉദ്ഘാടനം ചെയ്തത്.

കൊള്ളാല്ലോ പാലം

രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനമുള്ളത്. ഒരേസമയം 15 പേർക്ക് മാത്രം പ്രവേശിക്കാവുന്ന ചില്ലുപാലത്തിൽ ഒരാൾക്ക് അഞ്ചു മിനിറ്റ് മാത്രമാണ് ചി ചിലവഴിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഇത് ആസ്വദിക്കാനായി എല്ലാ അവധി ദിവസങ്ങളിലും 1200 ൽ അധികം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ 500 മുതൽ600 വരെ ടൂറിസ്റ്റുകൾ എത്തുന്നു.
സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിൽ നിന്നും നിർമ്മിച്ചിരിക്കുന്ന കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് ആരിലും കൗതുകവും ഭീതിയും അമ്പരപ്പും ഉളവാക്കുന്നതാണ്.

പ്രവേശനഫീസ് 250 രൂപ

സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമ്മിച്ച പാലത്തിന് മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരാൾക്ക് അഞ്ഞൂറ് രൂപയായിരുന്നു തുടക്കത്തിലെ പ്രവേശനഫീസ്. പിന്നീട് പ്രവേശന ഫീസ് 250 രൂപയാക്കി കുറച്ചു.