കുമളി: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കാടിനുള്ളിൽ ഒരു മന്ത്രിസഭാ യോഗം ചേരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ മന്ത്രിസഭാ യോഗത്തിന് വേദിയാകുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച തേക്കടിയാണ്. തേക്കടിയിലെ കവാടത്തിൽ തന്നെയുള്ള ആനവച്ചാലിലെ വനം വകുപ്പ് ബാംബു ഗ്രോവിലാണ് നവകേരള സദസിന്റെ ഭാഗമായി പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്. ബാംബു ഗ്രോവിനുള്ളിലെ കളരി ഓഡിറ്റോറിയത്തിലായിരിക്കും മന്ത്രിസഭ കൂടുന്നത്. മന്ത്രിസഭ കടുന്നതിനുള്ള ക്രമീകരണങ്ങൾ പെരിയാർ കടുവാ സങ്കേതം ഡെപ്പൂട്ടി ഡയറക്ടറുടേയും അസി. ഫീൽഡ് ഡയറക്ടറുടെയും നേതൃത്വത്തിൽ പൂർത്തിയായി.
ബാംബു ഗ്രോവിലെ കളരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള 22 ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാർക്കും സംസാരിക്കുന്നതിനുള്ള സൗണ്ട് സിസ്റ്റവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൂടെയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ട ക്രമീകരണങ്ങളും ഇവിടെ ഒരുക്കും.
മന്ത്രിസഭ കൂടുന്ന സ്ഥലത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തടസ്സം കൂടാതെ വൈദ്യുതിക്കൊപ്പം തടസ്സമില്ലാത്ത ഇന്റർനെറ്റ് സംവിധാനവും ഇവിടെ ഉറപ്പ് വരുത്തുന്നതിനായി നിലവിലുളള സംവിധാനത്തോടൊപ്പം സ്വകാര്യ നെറ്റ് വർക്കുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇന്നലെ
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും താമസത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത് കെ.റ്റി.ഡി.സിയുടെ തേക്കടിയിലെ ഹോട്ടലുകളായ ലേക്ക് പാലസ്, ആരണ്യനിവാസ്, പെരിയാർ ഹൗസ് എന്നിവിടങ്ങളിലായിരുന്നു.
ഇവിടെയും തടസ്സമില്ലാത്ത വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനവുമുണ്ടായിരുന്നു.
ആദ്യമായി ജില്ലയിൽ നടക്കുന്ന മന്ത്രി സഭാ യോഗത്തിന് യാതൊരു കുറവും വരാതെ നോക്കാനുള്ള ശ്രമത്തിലാണ് തേക്കടി.