ചെറുതോണി/ അടിമാലി/ നെടുങ്കണ്ടം: ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇടുക്കി, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നടന്ന നവകേരളസദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ, പൊതു ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും. ടൂറിസം മേഖലകളെയും പ്രത്യേക പ്രാധാന്യത്തോടെ കാണാൻ സർക്കാർ തയ്യാറാണ്. സമതലത്തിൽ നിന്ന് വിഭിന്നമായി ചരിഞ്ഞ മേഖലയിലെ നിർമ്മാണങ്ങൾക്കായി പ്രത്യേക ചട്ടം കൊണ്ടുവരണമെന്ന് സംബന്ധിച്ച് ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.
കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനപ്പെടുത്തി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചട്ടങ്ങളും നിർദ്ദേശങ്ങളും നിലവിലുണ്ട്. അവയെല്ലാം പരിശോധിച്ചു കാലാനുസൃതമായ രീതിയിലാകും കേരളത്തിൽ ചട്ടങ്ങൾക്ക് രൂപം നൽകുക. സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ബാധ്യതയും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ചട്ടത്തിന്റെ ഭാഗമായി ഉണ്ടാവുക. അത്തരത്തിൽ ലളിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും പുതിയ ചട്ടം.
ഈ നിയമം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഗവർണർ ഒപ്പിട്ട ശേഷമേ നിയമത്തിന് പ്രാബല്യം ലഭിക്കൂ. ഗവർണറുടെ അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ ഇത് ഗവർണർ കണ്ട ഭാവം നടിച്ചിട്ടില്ല. എന്നാൽ ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ചട്ട രൂപീകരണത്തിലേക്ക് കടക്കും.
നാട്ടിലെ വിവിധ സംഘടനകൾ, രാഷ്ടീയ പ്രസ്ഥാനങ്ങൾ തുടങ്ങി ബന്ധപ്പെട്ടവരോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദരിച്ചു
ഉജ്വല ബാല്യ പുരസ്‌കാരം നേടിയ ദേവനന്ദയെയും ലിംക ബുക്ക് ഓഫ് റെക്കോർഡിനർഹനായ ഒന്നര വയസ്സുകാരൻ അഥർവ്വ സജിത്തിനെയും ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചു.