പീരുമേട്: പീരുമേട് മണ്ഡലത്തിലെ നവ കേരളാസദസ്സിന് വണ്ടി പെരിയാർ ഒരുങ്ങി . ചരിത്രത്തിൽ ആദ്യമായി തേക്കടിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം കഴിഞ്ഞാണ് മണ്ഡലത്തിലെ നവകേരളാ സദസ്സിനായി വണ്ടിപ്പെരിയാറിൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തിച്ചേരുന്നത്. നവകേരള സദസ്സ് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇവിടെ തയ്യാറാക്കിയിരിക്കുന്ന കൂറ്റൻ പന്തലിൽ 5000 പേർക്ക് ഇരിക്കാം. 25000 പേർ നവകേരള സദസിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കാനായി 20 കൗണ്ടറുകൾ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട 41 പേർക്ക് 5സെന്റ് സ്ഥലം നൽകാൻ തീരുമാനിച്ചിട്ടുണ്ട് . പട്ടയമേളയിലും തുടർന്നും നൽകാതിരുന്ന പീരുമേട് താലൂക്കിലെ 350 പേർക്ക് പട്ടയം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പീരുമേട്ടിൽ അടച്ചുപൂട്ടിയ തോട്ടങ്ങളിലെ പ്രശ്‌നങ്ങൾ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നാട്ടുകാർക്ക് ഉണ്ടാക്കുന്ന കെടുതികൾക്ക് നവകേരള സദസ്സിൽ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇന്ന് രാവിലെ എട്ട് മണിക്ക് പ്രശസ്ത നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻപാട്ട് അവതരിപ്പിക്കും. കൂടാതെ പഞ്ചവാദ്യം, ശിങ്കാരിമേളം, കാവടിയാട്ടം, തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും .