ഇടുക്കി: കേരളത്തിൽ ആദ്യമായി വിൽപനക്കായി കുങ്കുമപ്പൂവ് വിളവെടുത്ത കർഷകന് നവകേരള സദസിൽ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തല്ലൂർ സ്വദേശിയായ രാമമൂർത്തി ഭഗവതിയെയാണ് ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ വേദിയിൽ നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചത്. കൃഷിയെയും കൃഷിരീതികളെയും പറ്റി കർഷകനോട് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, അദ്ദേഹത്തിന് ആശംസകളുമറിയിച്ചു.
കാശ്മീരിൽ നിന്നെത്തിച്ച വിത്തുകൾ കൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇദ്ദേഹം മറയൂർ മലനിരയിലെ ഏറ്റവും തണുത്തയിടമായ കാന്തല്ലൂരിലെ പെരുമലയിൽ വിത്തുപാകിയത്. കുങ്കുമപ്പൂവ് കൂടാതെ സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, പച്ചക്കറികൾ തുടങ്ങിയവയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.