തൊടുപുഴ: തൊടുപുഴയിൽ നടന്ന നവകേരള സദസ്സിൽ നിവേദനങ്ങൾ സമർപ്പിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.ജില്ലയുടെ സമഗ്ര വികസനം മുന്നിൽ കണ്ടും, ഗതാഗതം ടൂറിസം രംഗത്തെ സാധ്യതകൾ ചൂണ്ടിക്കാട്ടിയുമാണ് മർച്ചന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയത്.ജില്ലയിൽ റെയിൽവേയുടെ സാദ്ധ്യതയും അതിന്റെ ആവശ്യകതയും അത്യാവശ്യമായി വരുന്ന സാഹചര്യമാണുള്ളത്.അതിനാൽ കേന്ദ്ര റെയിൽ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തി അതിന് വേണ്ട നടപടികൾ കൈകൊള്ളണം.മലങ്കരയിൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയാൽ ടൂറിസം ഭൂപടത്തിൽ കൃത്യമായ സ്ഥാനം കൈവരിക്കാൻ സാധിക്കും.ജില്ലയിലെ ഡാമുകളുടെ മുകളിലൂടെ കേബിൾ കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കി സഞ്ചാരികളെ ആകർഷിച്ചാൽ ജില്ലയുടെ വികസനത്തിനും തദ്ദേശീയരായ ജനങ്ങളുടെ ജീവിതനിലവാരത്തിലും വലിയ പ്രതിഭലനം സൃഷ്ടിക്കുമെന്ന് അസോസിയേഷൻ നിർദേശിച്ചു.തൊടുപുഴ ഉറവപ്പാറയിൽ നിന്നും മലങ്കര ഡാമിനെ ബന്ധപ്പെടുത്തി കേബിൾ കാർ സംവിധാനം ഒരുക്കിയാൽ ഇടുക്കിയുടെ പ്രവേശന കവാടമായ തൊടുപുഴയ്ക്കും ഗുണകരമാകും.

ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, കളക്ടർ ഷീബാ ജോർജ് തുടങ്ങിയവർക്ക് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ,ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി, വൈസ് പ്രസിഡന്റ് ജോസ് ആലപ്പാട്ട് എവർഷൈൻ എന്നിവർ ചേർന്ന് കൈമാറി.