governer

തൊടുപുഴ: കാർ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ച ഗവർണറെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രിമാർ. ഗവർണർ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.എഫ്.ഐയുടേത് സ്വാഭാവിക പ്രതിഷേധം. ഗവർണർ ഗുണ്ടാ നേതാവിനെ പോലെ പെരുമാറി.

സുരക്ഷാ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്വപ്പെട്ടവർ പ്രവർത്തിക്കേണ്ടതെന്ന് പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഗവർണർക്കുമെതിരെയുള്ള പ്രതിഷേധം രണ്ടാണ്. പ്രഖ്യാപിച്ച് നടത്തുന്ന സമരമാണ് ജനാധിപത്യ രീതി. ഒളിഞ്ഞു നിന്ന് നടത്തുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേത്. ഗവർണർ കാറിന് പുറത്തിറങ്ങിയത് ശരിയായില്ല.
കലാലയങ്ങളിലെ കാവി വത്കരണത്തെ ചെറുക്കുകയാണ് എസ്.എഫ്.ഐ ചെയ്തതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന് ഷെയ്ക്ക് ഹാൻഡ് കൊടുക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാൽ ബി.ജെ.പി നേതാവിനെ പോലെയാണ് വി.ഡി. സതീശൻ പ്രവർത്തിക്കുന്നത്.

ഇത്രയും തരംതാണ രീതി മറ്റൊരു ഗവർണറും നടത്തിയിട്ടില്ലെന്നും ജനങ്ങളോടാണ് യുദ്ധപ്രഖ്യാപനം നടത്തിയതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഗവർണറുടേത് പ്രോട്ടോക്കോൾ ലംഘനമെന്നാണ് കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്. നവകേരള യാത്രയുടെ ഭാഗമായാണ് മന്ത്രിമാർ ഇടുക്കിയിലുള്ളത്.