പീരുമേട്: ഏറ്റവും കൂടുതൽ ടൂറിസ്റ്റ് പ്രദേശങ്ങളടങ്ങിയ പീരുമേട് താലൂക്കിൽ ടൂറിസം മാസ്റ്റർ പ്ളാൻ നടപ്പിലാക്കണമെന്ന് എസ്.എൻ.സി. പി.യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ടൂറിസ്റ്റു കേന്ദ്രങ്ങളായ തേക്കടി, പരുന്തുംപാറ ,വാഗമൺ, പാഞ്ചാലി മേട് എന്നിവയുടെ വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി പുതിയ വികസന പരിപാടികൾക്കു രൂപം നൽകണം. ഗ്രാമീണ ടൂറിസവും അതോടൊപ്പം അന്തർ ദേശിയ തലത്തിൽ ശ്രദ്ധിക്കുന്ന തേക്കടിയും വളർന്നു വരുന്ന വാഗമണ്ണും പരുന്തുംപാറയും പാഞ്ചാലി മേടും പീരുമേട് താലൂക്കിലെ ടൂറിസ്റ്റു കേന്ദ്രങ്ങളാണ്. ഇവയുടെ നവീകരണത്തിനും, സ്വകാര്യ മേഖലയുമായി ചേർന്ന് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് പോലുള്ള ജനശ്രദ്ധ ആഘർഷിക്കുന്ന വൻ സംരംഭങ്ങൾ നമ്മുടെ നാട്ടിനാവശ്യമാണ്. വിദൂരദേശത്തു നിന്നും പോലും ഇതു കാണാൻ ടൂറിസ്റ്റുകൾ എത്തും. വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വൻ സംരംഭങ്ങളായി മാറാൻ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.