പീരുമേട്: രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തിൽ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല ദർശന വിഷയത്തിൽ തീർഥാടകർക്ക് യാതൊരു ആശങ്കയും വേണ്ട. സുഖകരമായ ദർശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല, തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടാണ്, കേന്ദ്രസർക്കാർ ഇടപെടണം എന്നാണ് അവരുടെ ആവശ്യം. ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ് ശബരിമല പോലൊരു തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കടന്നുവരുന്നത് അനഭിലഷണീയമാണ്. മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതി ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുന്ന സർക്കാർ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, പൊതുആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും. ടൂറിസം മേഖലകളെ പ്രത്യേക പ്രാധാന്യത്തോടെ കാണും. സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുക. നാട്ടിലെ വിവിധ രാഷ്ടീയ പ്രസ്ഥാനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട കക്ഷികളോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.