
ഇടുക്കി: വിനോദസഞ്ചാരികളുടെ ഇഷ്ടലൊക്കേഷനായ തേക്കടിയിൽ പതിവിന് വിപരീതമായി വന്നവർ സഞ്ചാരികളായിരുന്നില്ല, കേരളത്തിന്റെ ഭരണകൂടം മൊത്തമായിരുന്നു. നവകേരള സദസിന്റെ ഇടുക്കി ജില്ലാ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഇവിടെ വിശ്രമിക്കുക മാത്രമല്ല മന്ത്രിസഭായോഗവും നടത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കാട്ടിൽ ഒരു മന്ത്രിസഭാ യോഗം ചേർന്നതിന്റെ ഖ്യാതിയും തേക്കടിക്ക് സ്വന്തമായി.
തേക്കടിയിലെ കവാടത്തിൽ തന്നെയുള്ള ആനവച്ചാലിലെ വനം വകുപ്പിന്റെ ബാംബു ഗ്രോവിലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. ബാംബു ഗ്രോവിനുള്ളിലെ കളരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 22 ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. എല്ലാ മന്ത്രിമാർക്കും സംസാരിക്കാനുള്ള സൗണ്ട് സിസ്റ്റവും ക്രമീകരിച്ചിരുന്നു.തടസമില്ലാത് വൈദ്യുതിയും ഇന്റർനെറ്റും ഉറപ്പാക്കി. സ്വകാര്യ നെറ്റ് വർക്കുകളുടെ സേവനവും ഉറപ്പാക്കിയിരുന്നു.
പ്രകൃതിയോടിണങ്ങി നിറയെ മുളകളും മറ്റ് ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ തേക്കടി ബാംബൂ ഗ്രോവിന്റെ അന്തരീക്ഷം മന്ത്രിമാർ ആസ്വദിച്ചു. വാഹനം എത്തുന്ന സ്ഥലത്ത് നിന്ന് 100 മീറ്ററോളം മുളകൾക്കിടയിലൂടെ നടന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഹാളിൽ എത്തിയത്. കൃത്യം 9 ന് ആരംഭിച്ച മന്ത്രിസഭായോഗം പത്തുമണിയോടെ അവസാനിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ,ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു എന്നിവർ പങ്കെടുത്ത ശബരിമല അവലോകനയോഗവും ബാംബൂ ഗ്രോവിലെ പ്രകൃതി സൗഹൃദ ഹാളിൽ നടന്നു.
ബാംബൂ ഗ്രോവ്
2003ലാണ് ബാംബൂ ഗ്രോവ് ആരംഭിച്ചത്. 35 ഇനം മുളകൾ ഉണ്ട്. രണ്ട്‌പേർക്ക് താമസിക്കാവുന്ന 15 കോട്ടേജുകളാണുള്ളത്. 30 തരം പക്ഷികളും ഇവിടെയുണ്ട്.