k

കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നു കയറി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പിന് കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വഴി കാണാതെ കൃഷി പോലും ഉപേക്ഷിക്കാൻ പലരും നിർബന്ധിതമാകുകയാണ്.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിലും അമയപ്രയിലും വനാതിർത്തിക്ക് സമീപമുള്ള കൃഷിയിടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. വർഷങ്ങളായി കൃഷി ചെയ്തു വരുന്ന ഇവിടെ ആദ്യമായാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്. മുള്ളരിങ്ങാട് മേഖലയിലും അടുത്ത കാലത്ത് കാട്ടാന ശല്യം വർദ്ധിച്ചു. മാങ്കുളം പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. അടിമാലി ടൗണിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടിയ നിലയിലാണ്. മൂന്നാർ കന്നിമല ടോപ്പ്, പെരിയവര എന്നിവിടങ്ങളിൽ ഒരു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. പടയപ്പ മൂന്നാറിലെ സ്ഥിരം സാന്നിദ്ധ്യമാണ്. മുട്ടം ടൗണിനു സമീപം കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. വാഴത്തോപ്പ്, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിലും വന്യമൃഗ ശല്യം പതിവാണ്.

പ്രതിരോധം

പാളുന്നു

വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും നാട്ടുകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാൽ വനത്തിനുള്ളിൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളെല്ലാം പാഴിലാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടു വെട്ട്, ഫയർ ലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നു. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെ രൂപയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. വനാതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിലൂടെ കാട്ടാനശല്യം ഒരു പരിധി വരെ പരിഹരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താനായി കർഷകർ സ്വന്ത നിലയ്ക്ക് പല പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രയോജനം ചെയ്യുന്നില്ല. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ വനംവകുപ്പ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടതിനാൽ കർഷകർക്ക് ഇതിനു സാധിക്കുന്നില്ല. തോക്കുള്ള പലരുടെയും ലൈസൻസ് പുതുക്കി നൽകാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ചിലയിടങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയവയുടെ ശല്യം കുറയ്ക്കുന്നതിന് കർഷകർ ജൈവ വേലി സ്ഥാപിക്കാറുണ്ട്. കൊന്ന കമ്പ്, ചെമ്പരത്തി, മുരിക്കിന്റെ ശിഖരം എന്നിവ ഉപയോഗിച്ചാണ് വേലി നിർമ്മിക്കുന്നത്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. ഇൻഷുർ ചെയ്തിട്ടുള്ള ഹ്രസ്വകാല വിളകൾക്ക് നാശമുണ്ടായാൽ കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകുമെങ്കിലും ഇതും തുച്ഛമായ തുക മാത്രമാണ്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.

വേണം ശാശ്വത

പരിഹാരം

വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ കാരണം. വാസ്തവത്തിൽ കാട്ടുമൃഗങ്ങൾ കർഷകരുമായി ഏറ്റുമുട്ടാൻ ഇറങ്ങിവരുന്നതല്ല. അവ അതിജീവനത്തിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമ്മിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഇപ്പോൾ കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെയുണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ വേട്ട നിരോധനമാണ്. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടെയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിറുത്താനും പ്രകൃതി തന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. പന്നിതന്നെ ഉദാഹരണം. ഒറ്റ പ്രസവത്തിൽ നിരവധി കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പെരുമ്പാമ്പുകൾ ഉൾപ്പെടെ പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ജീവികൾ പലതുമുണ്ട്. പ്രകൃതിയിൽത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാട് കുറഞ്ഞപ്പോൾ ഇത്തരം ജീവികൾ ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാര ശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽ കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനു വേണ്ടി റോഡ് വെട്ടുന്നത് പോലെ മൃഗങ്ങൾക്കും സുരക്ഷിതപാത ഒരുക്കണം. തോട്ടവനങ്ങൾ മുറിച്ചുനീക്കി സ്വാഭാവിക വനം വളരാൻ അനുവദിച്ചാൽ തന്നെ ക്രമേണ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.