cardamom

ഇടുക്കി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉത്പാദനം കുറഞ്ഞിട്ടും വില ഉയരാതെ ഏലയ്ക്ക. രാസവളങ്ങളുടെയും കീടനാശിനിയുടെയും അമിത ഉപയോഗം മൂലം ഇന്ത്യൻ ഏലയ്ക്കയ്ക്ക് വിദേശവിപണിയിലുണ്ടായിരുന്ന പ്രിയം കുറഞ്ഞതാണ് പ്രധാന കാരണമെന്നാണ് വി​ലയി​രുത്തൽ.

വ്യാപാരികളുടെയും ലേല ഏജൻസികളുടെയും കള്ളക്കളിയും റീപൂളിംഗും ഏലം വിലയിടിയുന്നതിന് പിന്നിലെ പ്രധാന ഘടകമാണെന്ന് കർഷകർ പറയുന്നു. കർഷകർ പതിക്കുന്ന എലയ്ക്ക ലേല എജൻസികളും അവരുടെ ബിനാമികളായ കച്ചവടക്കാരും ചേർന്ന് ലേലത്തിൽ പിടിച്ച് വീണ്ടും ലേലത്തിൽ പതിക്കുന്നതിനെയാണ് റീ പൂളിംഗ് എന്ന് പറയുന്നത്. ഇതുവഴി വില്പനയ്ക്ക് എത്തുന്ന ഏലയ്ക്കയുടെ അളവ് ഉയർത്തി നിറുത്തി ദൗർലഭ്യം ഇല്ലെന്ന് വരുത്തിത്തീർക്കുകയും വില ഉയരാനുള്ള സാദ്ധ്യത തടയുകയുമാണ് തന്ത്രം. ഈ കള്ളക്കളിയിലൂടെ ഉത്തരേന്ത്യൻ വ്യാപാരികളും ഏജൻസികളും വൻ ലാഭം കൊയ്യുന്നുണ്ട്. ഓൺലൈൻ ലേലത്തിൽ വില എത്ര ഇടിഞ്ഞാലും ഉത്തരേന്ത്യൻ വിപണിയിൽ വില കാര്യമായി കുറയില്ല. അവിടെ എപ്പോഴും കിലോയ്ക്ക് ശരാശരി 2000 മുതൽ 3000 വരെ വിലയുണ്ടാകും. വിലവ്യത്യാസത്തിന്റെ ഈ നേട്ടം വ്യാപാരികളുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പരമാവധി ലാഭം ലക്ഷ്യമിട്ട് കർഷകരിൽനിന്ന് കഴിയുന്നത്ര വില കുറച്ച് വാങ്ങുകയാണ് വ്യാപാരികളുടെ തന്ത്രം. അതിന് ലേല ഏജൻസികളും കൂട്ടുനിൽക്കുന്നു. ഏലത്തിന് തറവില പ്രഖ്യാപിക്കുകയാണ് ഇത് മറികടക്കാനുള്ള പോംവഴി. കിലോയ്ക്ക് 1500 രൂപയെങ്കിലും തറവില പ്രഖാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വൈറലായി​ വൈറ്റ് കാർഡമം

സ്വാഭാവിക കാലാവസ്ഥയിൽ രാസവള, കീടനാശിനി പ്രയോഗം ഇല്ലാതെ ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ആഫ്രിക്കൻ, താൻസാനിയൻ, തായ്‌ലൻഡ് ഏലത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രിയമേറി വരികയാണ്. വിളവെടുത്ത് സൂര്യപ്രകാശത്തിൽ ഉണക്കി​ എടുക്കുന്ന ഇവ വൈറ്റ് കാർഡമം എന്നാണ് അറിയപ്പെടുന്നത്. ഗുണനിലവാരത്തിൽ പിന്നിലാണെങ്കിലും വിലക്കുറവും രാസവള, കീടനാശിനി സാന്നിദ്ധ്യമില്ലാത്തതുമാണ് ഗൾഫ് രാജ്യങ്ങളിൽ വൈറ്റ് കാർഡമത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഏലം സ്റ്റോറിൽ പ്രത്യേകം ക്രമീകരിച്ച ചൂടിൽ ഉണക്കിയെടുക്കുന്ന ഇന്ത്യൻ ഏലത്തിന് പച്ചനിറവും ഗുണമേന്മയും കൂടുതലുമാണ്. അതിനാൽ ഇത് ഗ്രീൻ കാർഡമം എന്നും അറിയപ്പെടുന്നു. ഗുണമേന്മയിലും വിലയിലും ഇന്ത്യൻ ഏലം ലോകവിപണിയിൽ ഒന്നാമതാണ്.

.....................................

ശരാശരി 1500- 1600 രൂപ മാത്രം

ആഗസ്റ്റിൽ 2300 രൂപ വരെ കുതിച്ചുയർന്ന ഏലയ്ക്ക വില ഇപ്പോൾ ശരാശരി 1500- 1600 രൂപയാണ്. വില ഉയരുമെന്ന് കരുതി ഏലയ്ക്ക സംഭരിച്ച വ്യാപാരികളും നിരാശരായി. മുൻകാലങ്ങളിൽ ഉത്പാദനക്കുറവുണ്ടാകുമ്പോൾ വിലയിലുണ്ടായിരുന്ന മുന്നേറ്റം ഇത്തവണയില്ല. പുറ്റടി സ്പൈസസ് പാർക്കിൽ ഇന്നലെ നടന്ന വണ്ടന്മേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 1,656 രൂപയാണ് ശരാശരി വില. ഉയർന്നവില 2771 രൂപയാണ്. 281 ലോട്ടുകളിലായി വിൽപ്പനയ്‌ക്കെത്തിയ 84,652 കിലോയിൽ 80,268 കിലോ ഏലയ്ക്കയും വിറ്റുപോയി.

.................................................

1500

ഏലക്കയ്ക്ക് കിലോയ്ക്ക് 1500 രൂപയെങ്കിലും

തറവില പ്രഖ്യാപി​ക്കണമെന്ന് ആവശ്യം

..............................

'വിദേശത്ത് നമ്മുടെ ഏലത്തിനുണ്ടായിരുന്ന ഡിമാൻഡ് കുറഞ്ഞതാണ് വിലിയിടിവിന് കാരണം. തുലാവർഷം കുറഞ്ഞതോടെ ഉത്പാദനം തീരെയില്ലാതായി. വരുംദിവസങ്ങളിൽ വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-ആന്റണി മാത്യു, കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌

വി​ദേശ ഡിമാൻഡ് കീഴോട്ട്