ഏലപ്പാറ പി.എച്ച്.എസ്.എസ് സ്‌കൂളിൽ നിന്ന് മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയ കളക്ടേഴ്‌സ് കരുതൽ അവാർഡ് രണ്ടാം ഘട്ടത്തിന്റെ വിതരണം ഏലപ്പാറ പി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അർജ്ജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവ്വഹിച്ചു.
സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിന് ജില്ലാ വികസന കമ്മീഷണറായിരുന്ന അർജുൻ പാണ്ഡ്യൻ വിഭാവന ചെയ്ത് കഴിഞ്ഞ അക്കാദമിക വർഷത്തിൽ ആരംഭിച്ച പുരസ്‌ക്കാരമാണ് കളക്ടേഴ്‌സ് കരുതൽ അവാർഡ്. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്. ഹയർസെക്കൻഡറിയിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ആറ് കുട്ടികളും പത്താം തരത്തിലെ മൂന്ന് കുട്ടികളും ഉൾപ്പെടെ ഒൻപത് പേർ ഇക്കുറി പുരസ്‌കാരത്തിനർഹരായി.
പി.എച്ച്.എസ്.എസ് ഏലപ്പാറ പ്രിൻസിപ്പൽ വിനോദ് കുമാർ കെ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽഫ്രഡ്, ഏലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ബിജു ഗോപാലൻ, ഉമർഫാറൂഖ്, ഇടുക്കി നിർമ്മിതികേന്ദ്രം പ്രാജക്ട് മാനേജർ ബിജു. എസ്, അദ്ധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.