ഇടുക്കി: നവകേരള സദസ്സിനായി ഇടുക്കി ജില്ലയിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്ര കഴിഞ്ഞ് നാട്ടുകാർക്ക് ഒരു വാഗ്ദാനം പോലും നൽകാതെ മടങ്ങിയതിൽ ജില്ലയ്ക്ക് വലിയ നിരാശ സൃഷ്ടിച്ചതായി കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെത്തുന്നുവെന്നറിഞ്ഞപ്പോൾ ജില്ലയിലെ ജനങ്ങൾ വളരെ പ്രതീക്ഷയിലായിരുന്നു. ജില്ലയുടെ സമഗ്ര വികസനത്തിനു വേണ്ടി ഏതാനും പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ ഒന്നുപോലും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ പോലും പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ പക്ഷം ന്യായീകരിക്കുന്ന പ്രസംഗങ്ങൾ നടത്തി മടങ്ങിയതുകൊണ്ട് പൊതുജനങ്ങൾക്ക് എന്തു പ്രയോജനമാണുണ്ടായതെന്ന് വ്യക്തമാക്കണം.
ജില്ലയിലെ ജനപ്രതിനിധികൾക്ക് പോലും മുഖ്യമന്ത്രിയ്‌ക്കോ മന്ത്രിമാർക്കോ നിവേദനം നൽകാനോ ആവശ്യങ്ങൾ ഉന്നയിക്കാനോ അനുമതിയുണ്ടായില്ല. കേന്ദ്ര വിരുദ്ധതയും പ്രതിപക്ഷ വിരുദ്ധതയും പ്രചരിപ്പിക്കുക എന്ന രാഷ്ട്രീയ ഉദ്ദേശം നടപ്പിലാക്കാൻ വേണ്ടി മാത്രമാണ് സമയം ചിലവഴിച്ചത്. നവകേരള സദസ്സിൽ ന്യൂസ് ഫോട്ടോഗ്രാഫറെ കൈയ്യേറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാനെങ്കിലും സർക്കാർ തയ്യാറാകണം. യോഗത്തിൽ യോഗത്തിൽ ജില്ലാപ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.